
ഒരു കാട്ടിൽ ഏതൊക്കെ മൃഗങ്ങളുണ്ടെന്ന് പറയാൻ പറഞ്ഞാൽ നിങ്ങൾ എന്തൊക്കെ പേരു പറയും? ആന, പുലി, കടുവ, സിംഹം....അങ്ങനെ പോകുന്നുവല്ലേ പട്ടിക. ഇന്ത്യയിലെ തെക്കൻ കാടുകൾ അടക്കി വാണ ഒരു മനുഷ്യനുണ്ടായിരുന്നു. മനുഷ്യന്റെ രൂപവും മൃഗത്തിന്റെ സ്വാഭാവമുള്ള വീരപ്പൻ. തമിഴ്‌നാടിനേയും കർണാകത്തെയും ഒരുപോലെ വിറപ്പിച്ച വീരപ്പനെ പോലെ മറ്റൊരു കാട്ടുകള്ളനെ അതിന് മുമ്പോ ശേഷമോ രാജ്യം കണ്ടിട്ടില്ല എന്നുതന്നെ പറയണം. പൊലീസിന്റെ കണക്ക് പ്രകാരം 187 മനുഷ്യരെയും 2000 ആനകളെയും വീരപ്പൻ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ്. 11000 കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് കടത്തിയിട്ടുണ്ട്. വായിച്ചും കേട്ടും അറിഞ്ഞതിലുമെല്ലാം അപ്പുറമാണ് വീരപ്പൻ. വീരപ്പന്റെ ജീവിതത്തെ കുറിച്ച് അധികം ആരും പറയാത്ത വസ്തുതകൾ കേരളകൗമുദി ഓൺലൈൻ വായനക്കാരിലേക്ക് എത്തിക്കുകയാണ്.
മുരുകാ...ആണ്ഡവാ...ദൈവമേ....
വലിയ ദൈവഭക്തനായിരുന്നു വീരപ്പൻ. ഏറ്റവും ഇഷ്‌ടം മുരുഗനെയായിരുന്നു. എന്തു ചെയ്യുന്നതിന് മുമ്പും മുരുകാ...ആണ്ഡവാ...ദൈവമേ എന്ന് പ്രാർത്ഥിച്ചതിന് ശേഷം മാത്രമേ വീരപ്പൻ ഇറങ്ങുമായിരുന്നുള്ളൂ. കള്ളം പറയാൻ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്ന ആളല്ല താൻ എന്നാണ് വീരപ്പൻ പലപ്പോഴും പറഞ്ഞിരുന്നത്. അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശത്രുക്കളെ വകവരുത്താൻ മാത്രമായിരുന്നു. സാധാരണക്കാർക്ക് വേണ്ടി മാത്രമായിരുന്നു ജീവിതം സമർപ്പിച്ചതെന്നാണ് നക്കീരൻ ഗോപാലിന് നൽകിയ അഭിമുഖത്തിൽ വീരപ്പൻ ഒരിക്കൽ വെളിപ്പെടുത്തിയത്. പാവപ്പെട്ടവന് വേണ്ടി ജീവൻ ബലി നൽകാൻ താൻ ഒരുക്കമായിരുന്നത്രേ. രാഷ്ട്രീയക്കാരുടെ കാപട്യം വീരപ്പന് പരിചയമില്ലായിരുന്നു. ചുറ്റുമുള്ളവരിലേക്ക് വീരം വിതയ‌്ക്കാനാണ് താൻ ശ്രമിച്ചതെന്നും വീരപ്പൻ പറഞ്ഞിട്ടുണ്ട്.

മകൾ അറിഞ്ഞ അച്ഛൻ
വീരപ്പന്റെ മകൾ വിദ്യ തന്റെ അച്ഛനെ ആദ്യമായി കണ്ടത് ടെലിവിഷനിലായിരുന്നു. ധർമ്മപുരിയിലെ ജയിലിലായിരുന്നു വിദ്യയുടെ ജനനം. പിന്നീട് വിദ്യയെ മുത്തശ്ശിക്കൊപ്പം ഏൽപ്പിച്ചിട്ട് വീരപ്പൻ ഭാര്യയെ കൂട്ടി കാട് കയറുകയായിരുന്നു. ഒരു ഗ്രാമമാണ് വിദ്യയെ വളർത്തിയത് എന്നുപറയാം. എല്ലാ വീട്ടിലെയും ഓമന മകളായി വിദ്യ വളർന്നു. കടയിൽ ചെന്ന് എന്തു സാധനം വാങ്ങിയാലും വിദ്യയോട് മാത്രം ആരും പണം ചോദിച്ചിരുന്നില്ല. വീരപ്പനോടുള്ള ഭയമല്ല അവരെ അതിന് പ്രേരിപ്പിച്ചത്; മറിച്ച് ആരാധനയായിരുന്നു.
അറിവാകുന്നതുവരെയും തന്റെ അച്ഛന്റെ രൂപമോ ഭാവമോ വിദ്യയ‌്ക്ക് അറിയില്ലായിരുന്നു. ഒരുദിവസം ടെലിവിഷനിലൂടെ അവൾ കണ്ടു, ഒരു നാട് മുഴുവൻ ഭയത്തോടെ ഉച്ഛരിക്കുന്ന പേരിനുടമയായ വീരപ്പൻ എന്ന തന്റെ അച്ഛനെ. നക്കീരൻ ഗോപാലൻ പകർത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. വീരപ്പനെ കാണാൻ, കേൾക്കാൻ ഒരു ഗ്രാമം മുഴുവൻ ടെലിവിഷന് മുന്നിലേക്ക് ഒഴുകി എത്തുന്ന കാഴ്‌ചയാണ് കുഞ്ഞു വിദ്യ അന്ന് കണ്ടത്. സാവധാനം അവൾ മനസിലാക്കി വീരപ്പൻ എന്ന വാക്കിന്റെ ആഴം.

പട്ടിണി നുണഞ്ഞ കുട്ടിക്കാലം
കർണാടകയിലെ കാവേരി തീരത്തുള്ള സെംഗപ്പടി എന്ന ഗ്രാമത്തിലാണ് വീരപ്പൻ ജനിച്ചത്. കർണാടകയിലാണ് ജനിച്ചതങ്കിലും തനിത്തമിഴൻ തന്നെയായിരുന്നു വീരപ്പൻ. തന്റെ ശരീരത്തിലോടുന്നത് തമിഴ് രക്തമാണ് എന്നായിരുന്നു വീരപ്പൻ അഭിമാനത്തോടെ പറഞ്ഞിരുന്നത്. പരമ്പരാഗതമായി കർഷകരായിരുന്നു വീരപ്പന്റെ കുടുംബം. വീരപ്പന്റെ അച്ഛനും ഇളയച്ഛനുമായി 10 ഏക്കർ ഭൂമിയാണ് സെംഗപ്പടിയിലുണ്ടായിരുന്നത്. ഇരുവർക്കും അഞ്ചേക്കർ വീതം. കൂസ് മുനിസ്വാമിക്കും പൊന്നുത്തായിക്കും പിറന്ന അഞ്ച് മക്കളിൽ രണ്ടാമനായിരുന്നു വീരപ്പൻ. മാതേയൻ, അർജുനനൻ, മുനിയമ്മ, മാരിയമ്മ എന്നിവരായിരുന്നു മറ്റു സഹോദരങ്ങൾ. കുട്ടിക്കാലത്ത് തന്നെ പഠനത്തോട് വീരപ്പന് താൽപര്യമുണ്ടായിരുന്നില്ല. മകനെ പഠിപ്പിക്കാനുള്ള ശേഷി വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല എന്നുപറയുന്നതാകും കൂടുതൽ ശരി. പല ദിവസങ്ങളിലും പട്ടിണിയായിരുന്നുവെന്ന് വീരപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. മാടു മേയ്‌ക്കലായിരുന്നു ഇളം പ്രായത്തിൽ വീരപ്പന്റെ പ്രധാന ജോലി. അതും സ്വന്തം മാടുകളെയല്ല, കൂലിക്കാണ് പണി എടുത്തിരുന്നത്.
പിഴയ‌്ക്കാത്ത ഉന്നവും സേവി ഗൗണ്ടറും
കൃഷി ചെയ‌്തിരുന്നെങ്കിലും വീരപ്പന്റെ കുടുംബത്തിന് വേട്ടയാടൽ ശീലമുണ്ടായിരുന്നു. കാട്ടിലിറങ്ങി മൃഗങ്ങളെ വെടിവച്ച് വീഴ്‌ത്തുന്നതിൽ അച്ഛൻ മുനിസ്വാമിയും ഇളയച്ഛനും കില്ലാഡികളായിരുന്നു. പലപ്പോഴും വേട്ടയ‌്‌ക്ക് പോകുമ്പോൾ മുനിസ്വാമി വീരപ്പനെയും കൂടെക്കൂട്ടിയിരുന്നു. അങ്ങനെ 13ആം വയസിൽ വീരപ്പൻ ആദ്യമായി കുഴൽത്തോക്ക് പിടിച്ചു. തുടക്കം അവിടെ നിന്നുമായിരുന്നു. ഒരിക്കലും പിഴക്കാത്ത ഉന്നം വേട്ടക്കാർക്കിടയിൽ വീരപ്പനെ മതിപ്പുള്ളവനാക്കി. ഗ്രാമത്തിൽ വീരപ്പനോളം ഉന്നം പിടിക്കാൻ കഴിവുള്ള മറ്റൊരു വേട്ടക്കാരൻ ഉണ്ടായിരുന്നില്ല. തനിക്ക് ദൈവം തന്നെ ഒരോയൊരു അനുഗ്രഹം പിഴക്കാത്ത ഉന്നമായിരുന്നുവെന്ന് വീരപ്പൻ പറഞ്ഞിട്ടുണ്ട്.

അക്കാലത്താണ് കുപ്രസിദ്ധനായ ആനവേട്ടക്കാരൻ സേവി ഗൗണ്ടറിന് മുന്നിൽ വീരപ്പൻ എത്തിപ്പെടുന്നത്. സേവി ഗൗണ്ടറെ ആനവേട്ടയിലെ തന്റെ ഗുരുസ്ഥാനീയൻ എന്നാണ് വീരപ്പൻ വിശേഷിപ്പിച്ചിട്ടുള്ളത്. തമിഴ്‌നാട്- കർണാടക മേഖലയിലെ ആദ്യത്തെ ആനവേട്ടക്കാരനായിരുന്നു സേവി ഗൗണ്ടർ. വീരപ്പന്റെ അകന്ന ബന്ധു കൂടിയായിരുന്നു ഗൗണ്ടർ. വീരപ്പനിലൂടെ തന്റെ പിൻഗാമിയെ കണ്ടു. ഈറത്തണ്ട് അകത്താക്കി കാടിനെ മഥിച്ച് നടന്ന കരിവീരന്റെ മസ്തകത്തിൽ വിദഗ്‌ദ്ധമായി എങ്ങനെ നിറയൊഴിക്കാമെന്ന് സേവി ഗൗണ്ടർ വീരപ്പനെ പഠിപ്പിച്ചു. ആനയെ ഉന്നം വയ‌്ക്കുമ്പോൾ തോക്ക് എങ്ങിനെ പിടിക്കണം എന്നു തുടങ്ങി മസ്‌തകത്തിലെ ഏത് ബിന്ദുവിനെ ലക്ഷ്യമാക്കി നിറയൊഴിച്ചാൽ ലക്ഷ്യം അനായാസമായി പൂർത്തീകരിക്കാൻ കഴിയും എന്നതിൽ വരെ വീരപ്പൻ അഗ്രഗണ്യനായി. 577ആം നമ്പർ റൈഫിൾ ഉപയോഗിച്ചാണ് തന്റെ ആദ്യ ഇരയെ വീരപ്പൻ വെടിവച്ച് വീഴ്‌ത്തിയത്. സെംഗപ്പാടിക്ക് അടുത്തള്ള രാമധാനി വനത്തിലായിരുന്നു വീരപ്പന്റെ ആദ്യ ആനവേട്ട നടന്നത്. കാട്ടിൽ മദിച്ചു നടന്നവൻ തന്റെ തോക്കിൻ കുഴലിൽ നിന്നുതിർന്ന തിരയ്‌ക്ക് കീഴടങ്ങി ഛിന്നം വിളിച്ച് നിലം പതിച്ച കാഴ്‌ച ആദ്യം ആശ്ചര്യത്തോടെയാണ് വീരപ്പൻ കണ്ടുനിന്നതത്രേ. പീന്നീട് ആ ആശ്ചര്യം ഒരുതരം ലഹരിയിലേക്ക് വീരപ്പനെ എത്തിക്കുകയായിരുന്നു. വിശപ്പകറ്റാൻ വേട്ടയ‌്‌ക്കിറങ്ങിയ വീരപ്പൻ പിന്നീട് പണത്തിനായി വേട്ടയാടുന്നത് ലോകം കണ്ടു.

മുന്നിൽ വന്നുപെടുന്ന ഏതൊരു കാട്ടാനയേയും വീരപ്പൻ കാലപുരിക്കയച്ചു. കൊമ്പുകൾ വെട്ടിയെടുത്ത് ലക്ഷങ്ങൾ വിലപേശി കടൽ കടത്തി. ആദ്യകാലത്തൊക്കെ കൃത്യത്തിന് ശേഷം ആനക്കൊമ്പ് അറുത്ത് ചാക്കിൽ കെട്ടി തോളിലേറ്റി കാട്ടിലൂടെ ഒരു കൂസലുമില്ലാതെ നടന്നുവന്ന് ബസിലായിരുന്നു കടത്തിയിരുന്നത്. തുടർന്ന് ഗോപിനാഥം മുതൽ നിലമ്പൂർ വരെയും വീരപ്പൻ യഥേഷ്‌ടം ആനക്കൊമ്പുകൾ കടത്തി.
(തുടരും....)