
ഇന്നത്തെ കാലത്ത് പ്രണയിക്കണമെന്ന് തീരുമാനിക്കുന്ന ഓരോരുത്തരുടെയും മനസിൽ പങ്കാളിയെ കുറിച്ചുള്ള വ്യക്തമായ സങ്കൽപ്പമുണ്ടാകും. എന്നിരുന്നാലും എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് പിന്നീട് തോന്നുന്നവരുമുണ്ടാകാറുണ്ട്. ഇങ്ങനെ തെറ്റായ ബന്ധങ്ങളിൽ പെട്ട് സമയം കളയുന്നതിനേക്കാൾ നല്ലതല്ലേ ആദ്യമേ ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. മനസിന്റെ ആരോഗ്യം ശരിയായി നിലനിർത്താനും ഈ തീരുമാനം നിങ്ങളെ സഹായിക്കും. തനിക്ക് യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ചിലവഴികൾ പരിചയപ്പെടാം.
പരിഗണിക്കാത്തവർ
നിങ്ങളുടെ വാക്കിന് വില കൊടുക്കാത്തവർ, എന്ത് കാര്യത്തിനും സ്വയം തീരുമാനമെടുക്കുന്നവർ, നിങ്ങളുടെ ചിന്ത, വികാരങ്ങൾ എന്നിവയ്‌ക്ക് യാതൊരു പരിഗണനയും നൽകാത്തവർ, ഇങ്ങനെയുള്ളവരാണെങ്കിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. ഇവരെ ജീവിത പങ്കാളികളാക്കിയാൽ നിങ്ങൾ ഒരുപാട് ദുഃഖിക്കേണ്ടി വരും.
കാലം മാറിയാലും മനസ് മാറാത്തവർ
'നല്ല സ്ത്രീകൾ അങ്ങനെ ചെയ്യില്ല', 'ഇതൊന്നും ഒരു പുരുഷന്റെ ജോലിയല്ല' തുടങ്ങിയ ഡയലേഗുകൾ അവരിൽ നിന്നും ഉണ്ടാകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടും മനസും വളരാത്തവരാണ് ഇക്കൂട്ടർ. ആധുനിക സമൂഹത്തിൽ ഇതുപോലുള്ള മനുഷ്യർക്കൊപ്പം ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
വികാരങ്ങളെ ഒളിപ്പിക്കുന്നവർ
കരച്ചിൽ, സന്തോഷം, സ്നേഹം എന്നിവ പ്രകടിപ്പിക്കാത്തവരാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ മുന്നോട്ടുള്ള ജീവിതം വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. മറ്റുള്ളവരുടെ മുന്നിൽ കരയുന്നതൊക്കെ വലിയ അപമാനമാണെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇത്തരം മനുഷ്യരാണ് പലപ്പോഴും ഒരു ബന്ധത്തിൽ ടോക്‌സിക്കായി മാറുന്നത്.
വേദനിപ്പിക്കുന്ന തമാശകൾ
മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ തരംതാഴ്‌ത്തുന്നതോ ആയ തരത്തിലുള്ള തമാശകൾ പറയുന്നവരെ ഒഴിവാക്കുക. ഇവർ നിങ്ങളെ നിറത്തിന്റെയോ ശരീരത്തിന്റെയോ ഒക്കെ പേരുപറഞ്ഞ് പൊതുജനങ്ങൾക്ക് മുന്നിൽ വച്ച് പോലും അപമാനിക്കും.
പ്രണയത്തിലാകാൻ ഉദ്ദേശിക്കുന്ന വ്യക്തിയുമായി ആദ്യമേ നന്നായി സംസാരിച്ച് അയാളിൽ ഈ സ്വഭാവങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക. പ്രണയത്തിലായവരാണെങ്കിൽ മനസ് തുറന്ന് നന്നായി സംസാരിക്കുക. മാറ്റം വരുത്താൻ തയ്യാറാണെന്ന് പങ്കാളി പറഞ്ഞാൽ ബന്ധം തുടരുക അല്ലെങ്കിൽ അത് അവസാനിപ്പിക്കുന്നതാവും നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലത്.