
എച്ച് 1 ബി തൊഴിൽ വിസയിൽ അമേരിക്ക വരുത്തുന്ന മാറ്റങ്ങൾ വിദ്യാർത്ഥികളെയും, ഉദ്യോഗാർത്ഥികളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. യു.എസ് ഇമിഗ്രേഷൻ അടുത്തിടെയാണ് എച്ച് 1 ബി തൊഴിൽ വിസ അനുവദിക്കുന്നതിൽ പരിഷ്‌കാരങ്ങൾ വരുത്താൻ തീരുമാനിച്ചത്. ഈ നടപടിക്രമങ്ങൾ 60 ശതമാനത്തോളവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. വിസ തട്ടിപ്പ് തടയുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് പുതുക്കിയ നടപടിക്രമങ്ങൾ ഏറെ പ്രയോജനപ്പെടും. അമേരിക്കൻ തൊഴിൽ വിസയ്ക്കായി ഇനി മുതൽ ഒരാൾക്ക് ഒരേസമയം ഒരു അപേക്ഷ മാത്രമേ നല്കാൻ സാധിക്കൂ. തൊഴിൽ വിസ അനുവദിക്കുമ്പോൾ ഉദ്യോഗാർത്ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിർബന്ധമായും പരിഗണിക്കും. ഉദാഹരണമായി ബിരുദം മാത്രം ഉള്ളവരെ മാനേജീരിയൽ തൊഴിലുകൾക്കു പരിഗണിക്കാൻ സാധിക്കുകയില്ല. അവർക്ക് എം.ബി.എ നിർബന്ധമായും വേണ്ടിവരും.
വിസ പുതുക്കാൻ ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല
എച്ച് 1 ബി വിസ അനുവദിക്കുന്നതിലെ ദുരുപയോഗം തടയാൻ ചില നിർദ്ദേശങ്ങളുണ്ട്. അമേരിക്കയിലെ പഠനശേഷം എച്ച് 1 ബി തൊഴിൽ വിസ ലഭിക്കുമെങ്കിൽ അതിനുള്ള നടപടിക്രമം അവിടെ നിന്നുകൊണ്ടുതന്നെ പൂർത്തിയാക്കാം. ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ട ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞാൽ പുതുക്കാനുള്ള അവസരവും അവിടെനിന്ന് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള ആറു ലക്ഷത്തിലധികം ആളുകൾ എച്ച് 1 ബി തൊഴിൽ വിസയിൽ അമേരിക്കയിലുള്ളതിനാൽ പുതുക്കിയ തീരുമാനം ഏറെ പ്രയോജനപ്പെടും. വിദേശ വിദ്യാർത്ഥികൾക്ക് സെപ്തംബർ ഒന്ന്- ഏപ്രിൽ ഒന്ന് കാലയളവിനുള്ളിൽ അവരുടെ എഫ് 1 വിസ, എച്ച് 1 ബി തൊഴിൽ വിസയിലേക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കും. പഠനം പൂർത്തിയാക്കിയവർക്ക് സ്‌കിൽ വികസന, ഓപ്ഷണൽ പരിശീലനത്തിന് (ഒ.പി.ടി) ഒരുവർഷത്തെ വിസ ലഭിക്കും. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വരെ തുടരാം. തുടർന്ന് എച്ച് 1 ബി തൊഴിൽ വിസയിലേക്ക് മാറാം.
ഒ.പി.ടി പൂർത്തിയാക്കുന്നവർക്ക് മുൻഗണന
ഒ.പി.ടി (Optional practical training) പൂർത്തിയാക്കുന്നവർക്ക് സാധാരണയായി തൊഴിൽ വിസയിൽ മുൻഗണന ലഭിക്കാറുണ്ട്. പക്ഷെ വിസ നടപടിക്രമങ്ങൾ അതാതു വർഷം ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. യോഗ്യതയുള്ളവരെ മാത്രമേ സ്‌പെഷ്യലിസ്റ്റ് തൊഴിലുകളിൽ ഇനി നിയമിക്കാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് പുതിയ പരിഷ്‌കാരത്തെക്കുറിച്ചു അഭിപ്രായം സമർപ്പിക്കുന്നത്തിനായി രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം മുതൽ മാത്രമെ പുതുക്കിയ വിസ നിയമം പ്രാബല്യത്തിൽ വരൂ.