snake

ന്യൂയോർക്ക് : ലോകത്തെ ഏ​റ്റവും ഭാരമേറിയ പാമ്പ് ഏതാണ് ? സംശയമെന്തിന്, 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാവുന്ന ഗ്രീൻ അനക്കോണ്ടയ്ക്കാണ് ആ റെക്കോർഡ്. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപായ ട്രിനിഡാഡിലും ഇക്കൂട്ടർ കാണപ്പെടുന്നു. ആമസോൺ വനാന്തരങ്ങളാണ് ഇവയുടെ ഏ​റ്റവും പ്രശസ്തമായ വാസസ്ഥലം. എന്നാൽ, നീളത്തിൽ കേമൻ അനക്കോണ്ടയല്ല.

ലോകത്തെ ഏ​റ്റവും നീളമേറിയ പാമ്പെന്ന റെക്കോർഡ് റെ​റ്റിക്കുലേ​റ്റഡ് പൈത്തണാണ്. തെക്ക്, തെക്ക് കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഇവയ്ക്ക് പൊതുവെ 28 അടി വരെ ഇവ നീളം വയ്ക്കുമെന്ന് കരുതുന്നു. 1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. 145 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു.

അതേസമയം, നിലവിൽ ഭൂമിയിൽ മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിക്കുന്ന ഏ​റ്റവും നീളവും ഭാരവും കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ? യു.എസിലെ മിസോറിയിൽ കാൻസാസ് സി​റ്റിയിലുള്ള ഫുൾമൂൺ പ്രൊഡക്ഷൻസ് എന്ന കമ്പനി വളർത്തുന്ന റെ​റ്റിക്കുലേ​റ്റഡ് പൈത്തൺ ആണത്. 25 അടി 2 ഇഞ്ചിലേറെ നീളവും 158.8 കിലോഗ്രാം ഭാരവുമുള്ള ഈ കൂ​റ്റൻ പെൺ പാമ്പിന്റെ പേര് മെഡൂസ എന്നാണ്. 2011ലാണ് മെഡൂസ ഗിന്നസിൽ ഇടംനേടിയത്. അന്ന് മുതൽ വളർന്നുകൊണ്ടിരിക്കുന്ന മെഡൂസയുടെ നിലവിലെ നീളം വ്യക്തമല്ല. 19 വയസുള്ള മെഡൂസയെ പൂർണമായും പൊക്കിയെടുക്കാൻ ഏകദേശം 15 പേരോളം വേണം. മാൻ, റാക്കൂൺ തുടങ്ങിയവയാണ് മെഡൂസയുടെ ഇഷ്ട ആഹാരം.