
ചെന്നൈ: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊന്മുടി കുറ്റക്കാരനാണെന്ന മദ്രാസ് ഹൈക്കോടതി വിധിയെത്തുടർന്നാണ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് സർക്കാർ- ഗവർണർ പോര് കടുപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇന്ന് വിധി പുറപ്പെടുവിക്കും. വിധി പറയുംമുമ്പ് മന്ത്രിക്കും ഭാര്യക്കും പറയാനുള്ളത് കേൾക്കാൻ ഇന്ന് നേരിട്ടോ വീഡിയോ കോൺഫറൻസിംഗിലൂടെയോ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനുള്ള സമയത്തിനായി ശിക്ഷ താത്‌കാലികമായി മരവിപ്പിക്കണമെന്ന പൊന്മുടിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.
2006-11 കാലത്ത് മന്ത്രിയായിരിക്കെ 1.36 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. പൊന്മുടിക്ക് ശിക്ഷ ലഭിച്ചാൽ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനായേക്കും.
കുറ്റവിമുക്തരാക്കിയ വിധി പുനഃപരിശോധിക്കാൻ ഓഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ തീരുമാനിക്കുകയായിരുന്നു.
1996ൽ ഡി.എം.കെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ ജൂൺ 28നാണ് പൊന്മുടിയെയും ഭാര്യ കെ.വിശാലാക്ഷിയെയും മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി കുറ്റവിമുക്തരാക്കിയത്. അടുത്തിടെ രണ്ട് തവണ പൊന്മുടിയുടെ വസതിയിലുൾപ്പെടെ ഇ.ഡി റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.