
ന്യൂഡൽഹി: കഴിഞ്ഞ ആഴ്ച അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം. വി. റ്യൂവൻ എന്ന മാൾട്ട ചരക്കു കപ്പലിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിച്ച് ഇന്ത്യൻ നാവിക സേന. യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചിയാണ് കൊള്ളക്കാരുടെ വെടിവയ്പിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ എത്തിയത്. തോളിനടുത്താണ് വെടിയേറ്റത്. ഇന്ത്യൻ നാവിക സേനാംഗങ്ങൾ കടൽക്കൊള്ളക്കാരുമായി സംസാരിച്ചെന്നും
അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ജീവനക്കാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഒമാൻ തീരത്തെത്തിച്ചെന്നും നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മാൾട്ട ചരക്കു കപ്പലിലുള്ള നിരീക്ഷണം ഇന്ത്യ തുടരുന്നുണ്ടെന്ന സൂചനയാണ് ഇത്. കഴിഞ്ഞ ആഴ്ച മാൾട്ട ചരക്കു കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുത്തെന്ന അപായ സന്ദേശമെത്തിയ ഉടൻ ആദ്യം പ്രതികരിച്ചത് ഇന്ത്യൻ നാവിക സേനയാണ്. കപ്പലിനെ രക്ഷിക്കാൻ സേനയുടെ യുദ്ധക്കപ്പലും പട്രോൾ വിമാനവും പാഞ്ഞെത്തി. മാൾട്ട കപ്പലിനെ തടയുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
അജ്ഞാതരായ ആറ് പേർ അതിക്രമിച്ചു കയറിയെന്നും നിയന്ത്രണം തങ്ങൾക്കല്ലെന്നും കപ്പലിലെ സെക്യൂരിറ്റി ഓഫീസറുടെ അടിയന്തര സന്ദേശം യു. കെ മറൈൻ ട്രേഡ് ഓപ്പറേഷൻസ് പോർട്ടലിൽ വെള്ളിയാഴ്ച എത്തി. അപായ സന്ദേശത്തോട് ആദ്യം പ്രതികരിച്ചത് ഇന്ത്യൻ നാവിക സേന. ഉടൻ തന്നെ ഏഡൻ കടലിടുക്കിൽ പട്രോളിംഗ് നടത്തിയിരുന്ന യുദ്ധക്കപ്പലും നിരീക്ഷണ വിമാനവും തിരിച്ചു. വെള്ളിയാഴ്ച പുലർച്ചെ കപ്പൽ കണ്ടെത്തിയ ഇന്ത്യൻ വിമാനം കപ്പലിന് മീതേ പറന്ന് സ്ഥിതി വിലയിരുത്തി.
ആറ് സുഹൃത്തുക്കൾ കപ്പൽ പിടിച്ചെടുത്തെന്നും സോമാലിയയിലെ പുന്ത്ലാൻഡ് തീരത്തേക്ക് കപ്പൽ കൊണ്ടുപോകുമെന്നും സംഘവുമായി ബന്ധമുള്ള മുക്താർ
മൊഹമൂദ് എന്നയാൾ ഫോണിൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിയെ അറിയിച്ചിരുന്നു.
യൂറോപ്യൻ നാവികസേനയുടെ സ്പെയിനിലെ കേന്ദ്രത്തിലും സന്ദേശം ലഭിച്ചു. കപ്പലിനെ മോചിപ്പിക്കാൻ യൂറോപ്യൻ യൂണിയന്റെ കടൽക്കൊള്ള വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ അറ്റ്ലാന്റ പ്രവർത്തനം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സ്പാനിഷ് യുദ്ധക്കപ്പലായ വിക്ടോറിയയെ സ്ഥലത്തേക്ക് നിയോഗിച്ചു.
കപ്പലുമായുള്ള ബന്ധം നഷ്ടമായതായി നടത്തിപ്പുകാരായ നേവിബൾഗർ കമ്പനി അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണെങ്കിലും കപ്പലിന്റെ നിയന്ത്രണം അവർക്കല്ലെന്നും റാഞ്ചികൾ തങ്ങളുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ഡയറക്ടർ അലക്സാണ്ടർ കാൽചേവ് പറഞ്ഞു.