
സൂപ്പർഹിറ്റായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. എം.ജി.ആറിന്റെ കട്ടൗട്ടിന് മുന്നിൽ ആവേശത്തോടെ നിൽക്കുന്ന പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ആണ് പോസ്റ്ററിൽ ഉള്ളത്. ധ്യാനിന്റെ പിറന്നാൾ ദിനത്തിൽ കരൺ ജോഹർ, മോഹൻലാൽ,ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന്റെ സന്തോഷം നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഫേസ്‌ബക്ക് പേജിൽ പങ്കുവച്ചിരുന്നു. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ആത്മാർത്ഥതയുള്ള ഒരു സംഘം സിനിമാപ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് പാക്കപ്പ് പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.
കല്യാണിയെയും പ്രണവിനെയും നായികാനായകന്മാരാക്കി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്.