
ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട സസ്പെൻഷനാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. 141 പ്രതിപക്ഷാംഗങ്ങളെയാണ് മൂന്ന് ദിവസങ്ങളിലായി ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്. ഈ സസ്പെൻഷൻകൊണ്ട് ഭരണപക്ഷം നിശ്ബദരാക്കുന്നത് ജനങ്ങളെയാണെന്ന് പറയാതെ പറയാം. ഈ രീതി എത്ര നാൾ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നതും ചോദ്യചിഹ്നമാണ്.
പാർലമെന്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തെയും അതിനിടയാക്കിയ സുരക്ഷാ വീഴ്ചയെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം.പിമാരെയാണ് നടപടിക്ക് വിധേയരാക്കിയത്. ലോക്സഭയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയിൽ സാധാരണഗതിയിൽ പ്രതിപക്ഷം ആവശ്യപ്പെടാതെ തന്നെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തി പ്രസ്താവന നടത്തേണ്ടതാണ്. അത് ഉണ്ടാകാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഭരണപക്ഷം എത്രനാൾ ഒളിച്ചോടും? ഈ ഒളിച്ചോട്ടം ജനങ്ങളിൽ നിന്നല്ലേ? സുരക്ഷാവീഴ്ച സംബന്ധിച്ച് പ്രസ്താവന നടത്താൻ മോദിയും അമിത്ഷായും തയ്യാറാകണം.
ആർ.എസ്. അജിത്
നെടുമങ്ങാട്