uae-hike

അബുദാബി: ഈ വർഷം മിക്ക കമ്പനികളും മികച്ച പ്രകടനം കാഴ്‌ചവച്ചതോടെ യുഎഇയിൽ വരുന്നവർഷം ശമ്പളവർദ്ധനയ്‌ക്ക് കളമൊരുങ്ങി. കൂപ്പർ ഫിച്ച് പുറത്തിറക്കിയ സാലറി ഗൈഡ് യുഎഇ 2024 പ്രകാരം യുഎഇയിലെ എണ്ണ കമ്പനികളൊഴികെ മറ്റുള്ള മേഖലകളിൽ ഈ വർഷം മികച്ച പ്രകടനം കാഴ്‌ചവച്ചതിനാൽ 2024ൽ 4.5 ശതമാനം ശമ്പളം വർദ്ധനയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യക്കാരായ പ്രവാസികളടക്കം ജോലിചെയ്യുന്ന പകുതിയിലേറെ സ്ഥാപനങ്ങൾ ഇത്തരത്തിൽ ശമ്പളവർദ്ധനയ്‌ക്ക് സന്നദ്ധത അറിയിച്ചു.


ആകെ കമ്പനികളുടെ മൂന്നിലൊന്ന് സ്ഥാപനങ്ങൾ (ഏതാണ്ട് 39 ശതമാനം വരുമിത്) അഞ്ച് ശതമാനത്തോളം വർദ്ധന നൽകാൻ തയ്യാറാണ്. പത്തിൽ ഒന്ന് കമ്പനികൾ ആറ് മുതൽ ഒൻപത് ശതമാനം വരെ വർദ്ധന വരുത്താൻ സന്നദ്ധരാണ്.20ൽ ഒരു കമ്പനി എന്ന കണക്കിന് 10 ശതമാനമോ അതിന് മുകളിലോ വർദ്ധന വരുത്താൻ തയ്യാറാണ്. എന്നാൽ 21 ശതമാനത്തോളം കമ്പനികൾ നിലവിലെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആലോചിക്കുന്നുണ്ട്. നാലിലൊന്നിന് മുകളിൽ കമ്പനികൾക്ക് ശമ്പളവർദ്ധനയെകുറിച്ച് ആലോചനയേയില്ല.

ഇന്ധനോൽപാദന ഇതര മേഖലയിൽ റിയൽ എസ്റ്റേറ്റ്, ട്രാവൽ, ടൂറിസം,വ്യോമയാനം എന്നിങ്ങനെ മേഖലകളിലാണ് വളച്ചയുണ്ടാകുക. കഴിഞ്ഞവർഷം 7.9 ശതമാനത്തോളമുണ്ടായിരുന്ന സാമ്പത്തിക വളർച്ച ഇത്തവണ കുറയുമെന്നാണ് കണക്കുകൂട്ടൽ. 2023ൽ 81 ശതമാനത്തോളം കമ്പനികൾ ശമ്പളം വർദ്ധിപ്പിക്കുകയോ യാതൊരു മാറ്റവും ഉണ്ടാകാതിരിക്കുകയോ ചെയ്തിരുന്നു. 54 ശതമാനം സ്ഥാപനങ്ങൾ ശമ്പളം കൂട്ടി. എട്ട് ശതമാനത്തോളം കമ്പനികൾ 10 ശതമാനത്തിലധികം പ്രതിഫലവർദ്ധന വരുത്തി.

2023ലെ സാമ്പത്തികസ്ഥിതിയനുസരിച്ച് 71 ശതമാനത്തോളം കമ്പനികൾ ബോണസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസത്തെ അടിസ്ഥാന ശമ്പളം ബോണസായി നൽകാനാണ് 35 ശതമാനത്തിന്റെ തീരുമാനം. 17 ശതമാനം കമ്പനികൾക്ക് ഇത് രണ്ട് മാസത്തേതാണ്. 12 ശതമാനം കമ്പനികൾ മൂന്ന്മാസത്തേതും നാല് ശതമാനം കമ്പനികൾ നാല് മാസത്തേയും ഒരു ശതമാനം കമ്പനികൾ അഞ്ച് മാസത്തെയും അടിസ്ഥാന ശമ്പളം ബോണസായി നൽകാൻ ആലോചിക്കുന്നു. അക്കൗണ്ടിംഗ്, രാസപദാർത്ഥ നിർമ്മാണം, കൺസ്യൂമർ ഗുഡ്സ്, ആശുപത്രികളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവയുമായുള്ള കമ്പനികളാണ് വലിയ അളവിൽ ബോണസ് നൽകുക. എന്നാൽ ഐടി, ധനകാര്യ സ്ഥാപനങ്ങൾക്ക് ബോണസ് നൽകാൻ താൽപര്യമില്ല എന്നാണ് സാലറി ഗൈഡിലുള്ളത്.