
ന്യൂഡൽഹി : പ്രതിപക്ഷത്തെ ബഹുഭൂരിപക്ഷം എം.പിമാരും സസ്പെൻഷനിലൂടെ പുറത്തുനിൽക്കെ ക്രിമിനൽ നിയമഭേദഗതി ബില്ലുകൾ ലോക്‌സഭ പാസാക്കി. ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് പാസാക്കിയത്.
ആഗസ്റ്റിൽ അവതരിപ്പിച്ച ബില്ലുകൾ പിൻവലിച്ച് ഭേദഗതി വരുത്തിയ ശേഷം പുതിയ ബില്ലുകളായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്ക് വച്ചിരുന്നു. ഐ.പി.സി, സി.ആർ.പി.സി,. ഇന്ത്യൻ തെളിവ് നിയമം എന്നീ നിയമങ്ങളിലാണ് മാറ്റം വന്നത്. ഭേദഗതി പ്രകാരം ആൾക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ നൽകുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.
സർക്കാരിനെതിരായ കുറ്റകൃത്യം എന്നതിൽ നിന്ന് ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്ന് അമിത് ഷാ പറഞ്ഞു. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതും പുതിയ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കൊളോണിയൽ ചിന്താഗതിയിൽ നിന്നും അടയാളങ്ങളിൽ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങൾ ഇന്ത്യൻ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിർമ്മിക്കപ്പെട്ടതെന്ന് അമിത് ഷാ അവകാശപ്പെട്ടു,