
ജീവിതത്തിലെ അമ്മ വേഷത്തിൽ നിന്ന് ഇടവേളയെടുത്ത്
വാണി വിശ്വനാഥ് സിനിമയിൽ
ഏഴു വർഷത്തിനുശേഷം വാണി വിശ്വനാഥ് മടങ്ങി വരുന്നു. ശ്രീനാഥ് ഭാസി നായകനായി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിലൂടെ വാണി വിശ്വനാഥ് മലയാളത്തിലേക്ക് തിരിച്ചു വരുമ്പോൾ തലയിൽ പൊലീസ് തൊപ്പിയുണ്ട്. രണ്ടാം വരവിൽ തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഇനി സിനിമയിൽ സജീവമാകാനാണ് വാണിയുടെ തീരുമാനം. ''മൊത്തത്തിൽ ഇടവേളയായിരുന്നു. ഞാൻ മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ വളർച്ചയിലും പഠിത്തത്തിലും ഒപ്പം നിന്നു. മകൾ ആർച്ച, ദുബായ് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മകൻ അദ്രി ചെന്നൈ നാഷണൽ പബ്ലിക് സ്കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. ഇനി, സിനിമയിൽ ശ്രദ്ധിക്കണം."" ആക്ഷൻ റാണി എന്ന ഇമേജ് വാണിയുടെ ഇപ്പോഴും മുഖത്ത് പറ്റി കിടക്കുന്നു.
മാറി നിന്നപ്പോൾ
എത്രവട്ടം സിനിമ വിളിച്ചു ?
വിളി വന്നു കൊണ്ടേയിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ വരുമ്പോൾ വിളിക്കാറുണ്ട്. തെലുങ്കിൽ നിന്നാണ് കൂടുതലും സിനിമകൾ വന്നത്. മലയാളത്തിൽ നിന്നും ഒരുപാട് വന്നു. തിരിച്ച് വരുമ്പോൾ നല്ല കഥാപാത്രവുമായി വരണം എന്ന് വിച്ചാരിച്ചാണ് കാത്തിരുന്നത്.
ബ്ലാക് ഡാലിയ കഴിഞ്ഞ് ഞാൻ അഭിനയിച്ചില്ല. 2017ൽ തെലുങ്കിൽ ഒരു സിനിമയിൽ അതിഥി വേഷം ചെയ്തു. ഇപ്പോൾ തെലുങ്കിൽ മറ്റൊരു സിനിമ ചെയ്തു. അതൊരു ആന്റി പൊളിറ്റിക്കൽ സിനിമയാണ്. രാഷ്ട്രീയത്തിന് എതിരായി പ്രവർത്തിക്കുന്ന കഥാപാത്രമാണ് എന്റേത്. നല്ലൊരു വിപ്ലവകാരിയുടേത് പോലത്തെ കഥാപാത്രം. ഒക്ടോബറിൽ സിനിമ പുറത്തിറങ്ങിണ്ടേതായിരുന്നു. പക്ഷേ പല കാരണങ്ങളാൽ നീണ്ടുപോയി. ഇനിയും നീളാൻ സാദ്ധ്യതയുണ്ട്. അമരാവതി ഫയൽസ് എന്നാണ് പേര്. പക്ഷേ അത് മാറാൻ സാദ്ധ്യതയുണ്ട്. റിലീസിന് കാത്തിരിക്കുകയാണ്.
വീണ്ടും പൊലീസ് വേഷം അവതരിപ്പിക്കുമ്പോൾ എന്താണ് കഥാപാത്രത്തിന്റെ പ്രത്യേകത?
മേലുദ്യോഗസ്ഥന്റെ നിർദ്ദേശത്തിൽ പ്രശ്നമാകുന്ന ഒരു കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് വേഷമാണ്. റാണി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരുപാട് പോസിറ്റീവായ പൊലീസ് കഥാപാത്രങ്ങൾ ഒന്നും എനിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഉറക്കെ സംസാരിക്കുന്ന, കേന്ദ്ര കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥനെ എതിർക്കുന്ന വേഷങ്ങളാണ് കൂടുതലും ചെയ്തിരുന്നത്. സൂപ്പർ സ്റ്റാറുകളായ മമ്മുക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയും എതിർക്കുന്ന പൊലീസ് വേഷങ്ങൾ. പക്ഷേ റാണി ഒരു പോസിറ്റീവ് പൊലീസ് ഉദ്യോഗസ്ഥയാണ്.
പൊലീസാകാൻ
ആഗ്രഹിച്ചിരുന്നോ ?
അങ്ങനെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ കുട്ടിക്കാലം മുതൽ ആക്ഷനിൽ താത്പര്യമുണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ എന്നെ എം.ജി.ആറിന്റെയും ബ്രൂസ ്ലിയുടെയും സിനിമകളാണ് കാണിച്ചിരുന്നത്.
എം.ജി.ആറിന്റെ സിനിമകൾ ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ മാസ് കഥാപാത്രങ്ങൾ ഇഷ്ടപ്പെട്ടു. പിന്നെ രജനി സാറിന്റെ വലിയ ഫാനാകുകയും ചെയ്തു . തെലുങ്കിൽ ഏകദേശം 55 സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ കൂടിപ്പോയാൽ അഞ്ച് ആക്ഷൻ സിനിമകളാകും ചെയ്തത്. ബാക്കിയെല്ലാം ഗ്ലാമർ, അല്ലെങ്കിൽ കുടുംബ ചിത്രങ്ങൾ. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ ദ കിംഗിനു ശേഷമാണ് അടിപൊളി കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മനസിലായത്. അതിന് ശേഷമായിരിക്കും എന്നെത്തേടി അത്തരം കഥാപാത്രങ്ങൾ എത്തിയത്. അതിനു മുൻപ് ചെയ്ത ‘മാന്നാർ മത്തായി സ്പീക്കിംഗിൽ എല്ലാം കലർന്ന കഥാപാത്രമായിരുന്നു.
മക്കൾക്ക്
അഭിനയത്തോട്
താത്പര്യമുണ്ടോ ?
അവർക്ക് അങ്ങനെ താത്പര്യമില്ല. പക്ഷേ എനിക്ക് അവരെ അഭിനയിപ്പിക്കാൻ ഭയങ്കര ഇഷ്ടം ആണ്. അവർ അഭിനയിച്ച് കാണണം എന്ന് ആഗ്രഹമുണ്ട്. ഇതുവരെയും അവർക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ല. മകൾക്ക് ഡോക്ടർ ആകാനാണ് താത്പര്യം. മനുഷ്യർക്ക് ആഗ്രഹങ്ങളെല്ലാം മാറി വരുമല്ലോ. ഒരുപക്ഷേ രണ്ടു പേരിൽ ആർക്കെങ്കിലും ആഗ്രഹം വന്നാൽ തീർച്ചയായും അഭിനയിപ്പിക്കും. ഇപ്പോൾ അവർക്ക് നമ്മൾ നൽകേണ്ടത് വിദ്യാഭ്യാസം ആണ്. അത് ആദ്യം നടക്കട്ടെ. പിന്നീട് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഞാൻ പ്രോത്സാഹിപ്പിക്കും.
ആക്ഷൻ റാണി എന്ന ഇമേജ് ഇപ്പോഴും
തുടരാൻ എന്തായിരിക്കും കാരണം?
സത്യം പറഞ്ഞാൽ അറിയില്ല. ഞാൻ എവിടെയെങ്കിലും പോയാൽ അറിയത്തവർ പോലും പലപ്പോഴും എന്നോട് ‘മാഡം പൊലീസ് ആണോ ‘ എന്ന് ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ടെന്ന് അവരുതന്നെ പറയും. അടുത്ത സിനിമയിലും പൊലീസ് വേഷമാണോ എന്നും അറിയില്ല. അപ്പോൾ ആക്ഷൻ കാണുമല്ലോ. ആസാദിക്കുശേഷം മലയാളത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി അവസരങ്ങൾ വരുന്നുണ്ട്.
ഇനി ഒരു ബാബുരാജ് -
വാണി വിശ്വനാഥ് സിനിമ എപ്പോഴായിരിക്കും ?
അത് വലിയൊരു കാര്യമല്ലലോ. എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതും പ്രതീക്ഷിക്കാം. അടുത്ത് തന്നെ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടൊന്നുമില്ല. അങ്ങനെ ചർച്ചകളും നടക്കുന്നില്ല. പക്ഷേ ഉറപ്പായും ഉണ്ടാകും.