
മുംബയ് : ഒരാഴ്ചമുമ്പ് കരുത്തരായ ഇംഗ്ളണ്ടിനെ ഏക ടെസ്റ്റിൽ 347 റൺസിന് തകർത്ത് തരിപ്പണമാക്കിയിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് അടുത്ത പരീക്ഷയ്ക്ക് ഇറങ്ങുന്നു. മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന ഏക ടെസ്റ്റിൽ എതിരാളികളാകുന്നത് ഓസ്ട്രേലിയക്കാരികളാണ്.
ഇംഗ്ളണ്ടിനെതിരായ വൻവിജയം ഹർമൻ പ്രീത് സിംഗിനും കൂട്ടർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അരങ്ങേറ്റക്കാരായ എസ്.ശുഭയും ജെമീമ റോഡ്രിഗസും ൾപ്പടെ നാലുപേരാണ് ഇംഗ്ളണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്സിൽ 67 റൺസും അഞ്ചുവിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റും വീഴ്ത്തിയ ദീപ്തി ശർമ്മയാണ് മത്സരത്തിലെ മികച്ച താരമായത്. ഹർമൻപ്രീതും മികച്ച ഫോമിലാണ്. ആദ്യ ഇന്നിംഗ്സിൽ 49 റൺസും രണ്ടാം ഇന്നിംഗ്സിൽ 44 റൺസും ഇന്ത്യൻ നായിക നേടിയിരുന്നു. ശുഭയുടെ പരിക്കാണ് ഇന്ത്യയ്ക്ക് ആശങ്കയുണർത്തുന്ന ഘടകം.
വിക്കറ്റ് കീപ്പറായ അലീസ ഹീലിയാണ് ഓസീസിനെ നയിക്കുന്നത്. എല്ലിസ് പെറി, തഹ്‌ലിയ മഗ്രാത്ത്,ആഷ്‌ലി ഗാർഡ്നർ, അന്നബെൽ സതർലാൻഡ്, ബേത്ത് മൂണി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ഓസീസ് നിരയിലുണ്ട്.