
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്‍ തന്ത്രങ്ങള്‍ ശക്തമാക്കുകയാണ് ഇന്ത്യ മുന്നണി. അധികാരത്തിലെത്തണമെങ്കില്‍ ആദ്യം എംപിമാരുണ്ടാകണമെന്നും അതുകഴിഞ്ഞല്ലേ പ്രധാനമന്ത്രിയാരെന്ന് ആലോചിക്കുന്നതിലേക്ക് കടക്കുന്നതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസത്തെ മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ തലപുകഞ്ഞ് ആലോചിക്കുമ്പോള്‍ മുന്നില്‍ പ്രതിബന്ധമായി നില്‍ക്കുന്ന പേരാണ് പ്രധാനമന്തി നരേന്ദ്ര മോദിയുടേത്.
മോദിയെ തോല്‍പ്പിക്കാതെ അധികാരം സ്വപ്‌നം കാണാന്‍ കഴിയില്ലെന്ന് പ്രതിപക്ഷത്തിന് അറിയാം. വാരാണസിയില്‍ അഞ്ച് ലക്ഷത്തിനടുത്ത് ഭൂരിപക്ഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ മോദിയെ എങ്ങനെ വീഴ്ത്തും? വിജയത്തേക്കുറിച്ചുള്ള ചിന്തയേക്കാള്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുന്നത് പോലും വിജയത്തോളം മധുരം നല്‍കും പ്രതിപക്ഷത്തിന്. മോദിയെ ആര് വീഴ്ത്തും എന്ന ചര്‍ച്ചകള്‍ മൂന്ന് പേരുകളിലേക്ക് എത്തി നില്‍ക്കുകയാണ് പ്രതിപക്ഷ സഖ്യത്തില്‍.
മുന്നണിയോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ച മമത ബാനര്‍ജി തന്നെയാണ് മോദിക്ക് കടുത്ത മത്സരം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. വാരാണസിയിലെ മുന്നണി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ നിരവധി പേരുകള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ ചര്‍ച്ചകള്‍ എത്തി നിന്നത് പ്രധാനമായും രണ്ട് പേരുകളിലേക്കാണ്. ഇതിനൊടുവില്‍ മൂന്നാമതായി ഒരു പേര് കൂടി നിര്‍ദേശമായി ഉയര്‍ന്നുവരികയായിരുന്നു.
1. പ്രിയങ്ക ഗാന്ധി
1991 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ 2004ല്‍ ആണ് അവസാനമായി മണ്ഡലത്തിന് ഒരു കോണ്‍ഗ്രസ് എംപി ഉണ്ടായിരുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പില്‍ രാകേഷ് കുമാര്‍ മിശ്ര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം സമ്മാനിച്ചു. 204, 19 വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ പ്രിയങ്ക ഗാന്ധിയെ മോദിക്കെതിരെ രംഗത്തിറക്കുന്നത് സജീവമായി പരിഗണിക്കുകയാണ് മുന്നണിയും കോണ്‍ഗ്രസ് നേതൃത്വവും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത പ്രിയങ്കയുടെ പേരാണ് പരിഗണനാ പട്ടികയില്‍ ഒന്നാമത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക വെളിപ്പെടുത്തിയെങ്കിലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. പ്രിയങ്കയെ രംഗത്തിറക്കിയാല്‍ അത് ശക്തമായ മത്സരത്തിന് കളമൊരുക്കുമെന്നും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കുമെന്നും നേതൃത്വം കരുതുന്നു. അതേസമയം, സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് റായ്ബറേലിയില്‍ പിന്‍ഗാമിയായി പ്രിയങ്കയെ അവതരിപ്പിക്കുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
2. നിതീഷ് കുമാര്‍
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതാണ് രണ്ടാമത്തെ പേര്. മുമ്പ് എന്‍ഡിഎയുടെ ഭാഗമായിരുന്നപ്പോള്‍ മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്ത് കൂടിയാണ് നിതീഷ് കുമാര്‍. ഇന്ത്യാ മുന്നണിയിലെ ശക്തനായ നേതാക്കളിലൊരാളായി കരുതപ്പെടുന്ന നിതീഷ് മത്സര രംഗത്തേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന നിലപാടും മുന്നണിക്കുള്ളിലുണ്ട്. പ്രത്യേകിച്ച് ബിഹാറില്‍ സഖ്യ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ശേഷം ഉടക്കിപിരിഞ്ഞ ബിജെപിയുടെ ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച നേതാവെന്ന പേരും നിതീഷിന് ഗുണം ചെയ്യും.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജെഡിയുവിനെക്കാള്‍ സീറ്റ് ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷിനായിരുന്നു ബിജെപി നല്‍കിയത്. പിന്നീട് ഈ സഖ്യം പിളര്‍ന്നപ്പോള്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് നീതീഷ് വീണ്ടും മുഖ്യമന്ത്രികസേര ഉറപ്പിച്ചിരുന്നു. ബിജെപിയുടെ ഒപ്പം നിന്നും എതിര്‍പക്ഷത്ത് നിന്നും ആ പാര്‍ട്ടിയോട് പോരടിച്ച് വിജയിച്ച നേതാവെന്ന ഖ്യാതിയാണ് നിതീഷിനെ പരിഗണിക്കാന്‍ കാരണം.
3. അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ പേരാണ് മൂന്നാമതായി പരിഗണിക്കുന്നത്. 2014ല്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ച കെജ്‌രിവാള്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെറും 75000 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ 2014ല്‍ മോദിയുടെ ഭൂരിപക്ഷം 371,784 ആയിരുന്നു. 2019ല്‍ കെജ്‌രിവാള്‍ മത്സരിക്കാതിരുന്നപ്പോള്‍ വാരാണസിക്കാര്‍ മോദിക്ക് നല്‍കിയ ഭൂരിപക്ഷം 479,505 വോട്ടുകളായി ഉയര്‍ന്നു.