
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥി ഡോ. ഷഹനയുടെ മുഖത്ത് നോക്കി അറസ്റ്റിലായ ഡോ. റുവൈസ് പണം ചോദിച്ചതിരുന്നതായി പൊലീസ് റിപ്പോർട്ട്. ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലുള്ള ഇക്കാര്യം പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുമുണ്ട്.
ചതിയുടെ മുഖം മൂടി എനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും ഷഹനയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 'അവന് പണമാണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞുകഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചർ ബ്ലാങ്കാണ്. ഇനി ഒരാളെ വിശ്വസിക്കാൻ കഴിയില്ല. സഹോദരി, ഉമ്മയെ നന്നായി നോക്കണം' ഇങ്ങനെ പോകുന്നു ഷഹനയുടെ ആത്മഹത്യാ കുറിപ്പ്.
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റുവൈസ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഷഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴിയും പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. ഒരുമിച്ച് യാത്ര ചെയ്ത ചിത്രങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി.
അതേസമയം ഡോ. ഇ.എ. റുവൈസിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ ഡോ. റുവൈസ് നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നും പ്രണയബന്ധം തകർന്നതാണ് പ്രശ്നമെന്നും റുവൈസ് വാദിച്ചു. വിദ്യാർത്ഥിയെന്ന പരിഗണന നൽകണം. ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് കരിയർ നശിപ്പിക്കുമെന്നും പറഞ്ഞു.
എന്നാൽ, ഹർജിക്കാരനെതിരെ ഷഹനയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഷഹനയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിവുണ്ടായിരുന്നു. ഷഹനയുടെ വീട്ടിൽ പോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്സാക്ഷികളുണ്ട്. ഷഹന ആത്മഹത്യ ചെയ്ത ദിവസം ഹർജിക്കാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കിയെന്നും ഷഹനയെ ബ്ളോക്ക് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി.