
ടെൽ അവീവ്: ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ വെടിനിറുത്തലിനും ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ മോചനത്തിനും സാദ്ധ്യത ഉയരുന്നു. ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കമാലുമായി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ഇന്നലെ കയ്റോയിലെത്തി കൂടിക്കാഴ്ച നടത്തി. ഹനിയ നിലവിൽ ഖത്തറിലാണ് കഴിയുന്നത്.
ഒരാഴ്ചയോളം നീണ്ട വെടിനിറുത്തലും ഇസ്രയേൽ ജയിലിലുള്ള പാലസ്തീൻ തടവുകാരുടെ മോചനവും ഇരുവരും ചർച്ച ചെയ്തെന്നാണ് വിവരം. താത്കാലിക മാനുഷിക വെടിനിറുത്തലിന് തയാറാണെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗും സൂചിപ്പിച്ചു. ഇതോടെ ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമായി.
129 ബന്ദികളാണ് ഗാസയിൽ തുടരുന്നത്. ഇവരുടെ ബന്ധുക്കളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. വെടിനിറുത്തലിനായുള്ള യു.എൻ രക്ഷാ സമിതിയിലെ വോട്ടെടുപ്പ് ഇന്ന് പുലർച്ചെയോടെ നടന്നേക്കും.
അതേ സമയം, ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കടന്നു. ഇതിൽ 8,000ത്തോളം കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടുന്നതായി ഹമാസ് അറിയിച്ചു.