eggs

ഭോപ്പാൽ: വർഷങ്ങളായി കുടുംബത്തിന്റെ കുലദേവതയായി ആരാധിച്ചുവന്നത് ദിനോസർ മുട്ടകളെ. മദ്ധ്യപ്രദേശിലെ പാട്‌ലിയ ഗ്രാമത്തിലെ ഒരു കർഷകന്റെ കുടുംബത്തിനാണ് ഇത്തരത്തിൽ അബദ്ധം പിണഞ്ഞത്. തലമുറകളായി വെസ്‌റ്റ മണ്ഡലോയി എന്ന കർഷകന്റെ കുടുംബം ആരാധിച്ച ഉരുളൻ കല്ലുകൾ ദിനോസറുകളുടെ ഫോസിൽ മുട്ടകളായിരുന്നു. ഭില്ലറ്റ് ബാബ എന്ന പേരിൽ അവർ തേങ്ങയുടച്ച് ഈ രൂപത്തെ ആരാധിച്ചിരുന്നു. മഴക്കാലത്ത് ആടിനെയും ബാബയ്ക്ക് ബലി കഴിച്ചിരുന്നു. തങ്ങളുടെ കൃഷിഭൂമിയെയും കന്നുകാലികളെയും ബാബ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് ഇതെല്ലാം ചെയ്‌തത്. എന്നാൽ ഈ സമയത്ത് ഒരുകൂട്ടം വിദഗ്ദ്ധരായ പുരാവസ്‌തു ഗവേഷകർ ഗ്രാമത്തിലെത്തിയത്. ഉരുളൻ കല്ല് യഥാർത്ഥത്തിൽ ദിനോസർ മുട്ടകളാണെന്ന് അവർ തിരിച്ചറിഞ്ഞു.

ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള മുട്ടകളായിരുന്നു ഇവ. ചുറ്റുമുള്ള ഗ്രാമത്തിലെ ജനങ്ങൾ ഇതിനെ ആരാധിക്കുന്നതായി കണ്ടെത്തിയെന്നും തങ്ങൾക്ക് 2011 മുതൽ ദിനോസർ ഫോസിൽ പാർക്ക് ഉണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ എസ് സോളാങ്കി അറിയിച്ചു. ധാർ ജില്ലയിലാണ് ഈ ഗ്രാമം. മുൻപും ഇവിടെനിന്ന് 250ലധികം ദിനോസർ മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്.മദ്ധ്യപ്രദേശിലെ നർമദാ താഴ്‌വരയിൽ പെടുന്ന ഇവിടെ ലക്ഷക്കണക്കിന് വർഷം മുൻപ് നിരവധി ദിനോസറുകൾ ഉണ്ടായിരുന്നതായാണ് സൂചനകൾ. 175 മില്യൺ വർഷങ്ങളോളം ഭൂമിയെ അടക്കിവാണ ദിനോസറുകൾ 65 മില്യൺ വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചു.