
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഭയമുണ്ടോ എന്ന് കെ.പി.സി.സി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി പറഞ്ഞു. വർക്കലയിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശൻ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താൻ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മഹാരാജാവ് എന്ന് അദ്ദേഹം ഇടയ്ക്കിടെ വിശേഷിപ്പിക്കുന്നത് കാണുന്നുണ്ട്. ഞാനിവിടെ ഇരിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ രാജാവായിട്ടില്ല. ഞങ്ങളെല്ലാവരും ജനങ്ങളുടെ ദാസരായിട്ടാണ് പ്രവർത്തിക്കുന്നത്. അധികാരം എന്നത് എന്തെങ്കിലും പ്രതാപം കാണിക്കാനുള്ള സ്ഥാനമായിട്ടില്ല ഞങ്ങൾ കാണുന്നത്. പാവപ്പെട്ടവർക്ക് അധികാരം എങ്ങനെ ഉപയോഗിക്കാനാകുമെന്നാണ് നോക്കുന്നത്. അതിന് നല്ല വിജയം ഉണ്ടാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.