
അമിതവണ്ണം പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെപ്പോലും തകര്‍ത്തുകളയും. പൊണ്ണത്തടിയില്‍ നിന്ന് രക്ഷനേടി ആരോഗ്യകരമായി ജീവിതശൈലിയും ശരീരസൗന്ദര്യവും നേടണമെന്ന് ആഗ്രഹത്തിന് തടസ്സം പലപ്പോഴും ഇഷ്ടഭക്ഷണം ഉപേക്ഷിക്കാനുള്ള മടിയാണ്. തടി കുറയ്ക്കാനായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തും മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഫലം കിട്ടാതെ വരുന്നതും സ്ഥിരം കാണുന്ന സംഭവമാണ്. ഇതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല, ഭക്ഷണം തന്നെയാണ് വില്ലന്‍.
ശരീരഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണ ക്രമീകരണത്തിനാണ് 70 ശതമാനം പങ്കുമെന്നാണ് ഡയറ്റീഷ്യന്‍മാരും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. ബാക്കി 30 ശതമാനം മാത്രമാണ് വ്യായാമം, കൃത്യമായ ഉറക്കം പോലുള്ള ഘടകങ്ങള്‍ക്കുള്ളത്. വ്യായാമം ചെയ്യുന്നവരെ സംബന്ധച്ച് വിശപ്പ് കൂടുതലായി അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.
ഈ പ്രശ്‌നത്തിന് പരിഹാരമായി നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. മുട്ട കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഓട്‌സ് ഓംലെറ്റ്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രധാന ചേരുവകളായി മുട്ടയും ഓട്‌സുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കലോറി കുറവുള്ള ഭക്ഷണമായതിനാല്‍ ശരീരഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താനും വിശപ്പിന് പരിഹാരം കാണാനും ഓട്‌സ് ഓംലെറ്റ് സഹായകമാണ്.
ഓട്‌സ് ഓംലെറ്റ് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും
രണ്ട് മുതല്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഓട്‌സ് വരെ എടുക്കാം. രണ്ട് മുട്ടയാണ് വേണ്ടത്. ഇതില്‍ ഒരെണ്ണം മഞ്ഞയോടുകൂടിയും ഒന്നിന്റെ വെള്ളയും മാത്രം മതിയാകും. മുട്ട നന്നായി അടിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു തക്കാളിയുടെ പകുതി ചെറിയ കഷ്ണങ്ങളായി മുറിച്ച് ചേര്‍ക്കണം. ആവശ്യത്തിന് സവാള ചെറിയ കഷ്ണങ്ങളായി ചേര്‍ക്കാം. ആവശ്യമുണ്ടെങ്കില്‍ ഒരു ചെറിയ പച്ചമുളക് നുറുക്കിയതും ഒപ്പം മല്ലിയിലയും ഒരു ടീ സ്പൂണ്‍ കാശ്മീരി മുളക്‌പൊടിയും ചേര്‍ക്കണം. ഇതിനോടൊപ്പം ഓട്‌സ് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം.
പാനില്‍ അര ടീ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ചൂടായ ശേഷം, ഓംലെറ്റ് ഉണ്ടാക്കുന്നത്‌പോലെ ചേര്‍ത്തുവച്ച കൂട്ട് പാനിലേക്ക് ഒഴിക്കാം. ഓംലെറ്റിന് ലോഡ് കൂടുതലായതിനാല്‍ ഉള്‍വശം നന്നായി വെന്തുകിട്ടാന്‍ ഒരു മൂടി കൊണ്ട് പാന്‍ അടയ്ക്കണം. രണ്ട് മിനിറ്റിന് ശേഷം മറിച്ചിട്ട് മറുഭാഗവും വേവിച്ചെടുക്കാം. തീ വളരെ കുറച്ച് വച്ച് വേണം ഓട്‌സ് ഓംലെറ്റ് തയ്യാറാക്കാന്‍. വെജിറ്റബിള്‍ സാലഡ് കൂടി ചേര്‍ത്ത് പ്രഭാതഭക്ഷണമായോ രാത്രിഭക്ഷണമായോ ഈ റെസിപ്പി പരീക്ഷിക്കാവുന്നതാണ്.