
കാസർകോട്: 'ഫ്ളൈ ഓവറിലൂടെ കടന്നുപോകുന്ന ട്രെയിൻ, താഴെ റെയിൽവേ സ്റ്റേഷൻ, അതിന് മുന്നിലായി ട്രാക്ക്..." ഒറ്റനോട്ടത്തിൽ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതീതി. രണ്ടാമതൊരു നോട്ടം വേണം അതൊരു വീടാണെന്ന് വ്യക്തമാകാൻ. ചാലിങ്കാൽ രാവണേശ്വരം റോഡിലെ ടി.ദാമോദരന്റേതാണ് ഈ കൗതുക വീട്. റെയിൽവേയിൽ 22 വർഷം ജോലി ചെയ്തതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചത്.
പ്ലാറ്റ് ഫോം മാതൃകയിലുള്ള മുറ്റം ഇന്റർലോക്ക് ടൈൽ പാകി സ്ഥിരം കറണ്ട് കണക്ഷൻ കൂടി എടുത്താൽ 'ഉദ്ഘാടനത്തിന്' (പാല് കാച്ച് ) പച്ചക്കൊടി വീശും. 75 വയസ് തികയുന്ന അടുത്ത ഫെബ്രുവരി 24ന് താമസം തുടങ്ങണമെന്നാണ് ദാമോദരന്റെ ആഗ്രഹം. മൂന്നുവർഷം മുമ്പാണ് ഇരുനിലവീടിന്റെ പണി തുടങ്ങിയത്. 50 ലക്ഷം ചെലവായി.
രണ്ടാംനില ട്രെയിൻ കോച്ചിന്റെ മാതൃകയിലും താഴത്തെ നില റെയിൽവേസ്റ്റേഷൻ മോഡലിലുമാണ്. ജനാലയിലൂടെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഇരിപ്പിടവും 'ബർത്തായും' (കിടക്ക) ഉപയോഗിക്കാവുന്ന ട്രോളിയും സജ്ജീകരിച്ചിട്ടുണ്ട്.
1977ൽ വെസ്റ്റേൺ റെയിൽവേ മൂക്കബയിൽ ട്രെയിൻ എക്സാമിനറായി ജോലിയിൽ കയറി 1999ൽ സതേൺ റെയിൽവേയിൽ നിന്ന് ജൂനിയർ എൻജിനിയറായാണ് വിരമിച്ചത്. അന്നുമുതലുള്ള സ്വപ്നമാണ് ഇത്തരമൊരു വീട്. അമ്മ കേളോത്ത് കുന്നുമ്മൽ ആച്ചയ്ക്കുള്ള സമർപ്പണമായി 'ആച്ച കോച്ച്' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ഭാര്യ കലാവതിയും മക്കളായ ദീപക്കും ദീപ്തിയും പിന്തുണ നൽകി.
കോച്ചിന്റെ ചക്രങ്ങളും ചവിട്ടുപടിയും വാതിലുകളും ജനാലകളും നട്ടും ബോൾട്ടുംവരെ അണുകിട വ്യത്യാസമില്ലാതെയാണ് പണിതത്. റെയിൽവേ മുംബയ് ഡിവിഷനിൽ ജോലിയെടുത്തതിന്റെ ഓർമ്മയ്ക്ക് അവിടെ ഓടിയിരുന്ന 'ഫ്ലൈയിംഗ് റാണി' ട്രെയിനിന്റെ സെക്കന്റ് ക്ലാസ് കോച്ചിന്റെ അതേ നിറം നൽകി. കോച്ചിന്റെ ആറക്ക നമ്പർ ദാമോദരന്റെ ഫോണിന്റെ അവസാന നമ്പറായ 05215ഉം. കോൺക്രീറ്റ് ജോലി ചെയ്യുന്ന നാട്ടുകാരൻ ദിനേശിന്റെ സഹായത്തോടെ സ്വന്തം കരവിരുതിലാണ് മിനുക്കുപണി നടത്തിയത്. പാഴ്‌വസ്തുക്കളിലും മരത്തടിയിലുമടക്കം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ദാമോദരൻ നാടക പ്രവർത്തകൻ കൂടിയാണ്.