
ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വിദേശ നാണ്യം നേടിത്തരുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ തോതും ഓരോ വർഷവും ഉയരുകയാണ്. ഈവർഷമാകട്ടെ 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1400 കോടി ഡോളറിന്റെ വർദ്ധനവാണ് ഈ വർഷം ഉണ്ടാകുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ വളരെ പിന്നിലാണ്. 125 ബില്യൺ ഡോളറാണ് ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്നത്. രണ്ടാം സ്ഥാനത്തുള്ല മെക്സിക്കോയിലേക്ക് എത്തുന്നത് 67 ബില്യൺ ഡോളറും. മൂന്നാംസ്ഥാനത്തുള്ള ചൈനയിലാകട്ടെ ഇത് 50 ബില്യൺ ഡോളറാണ്. 40 ബില്യൺ ഡോളറുമായി ഫിലിപ്പീൻസ് നാലാം സ്ഥാനത്തും 24 ബില്യൺ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്നത് അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. ഇന്ത്യയിലേക്ക് വന്ന പണത്തിന്റെ 36 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. പിന്നീട് കൂടുതൽ പണം എത്തുന്നത് ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണിത്. ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് 18 ശതമാനം പണമാണ് എത്തുന്നത് എന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
വിദേശപ്പണം കൂടുതൽ എത്താൻ ഇന്ത്യയും യു.എ.ഇയും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവച്ച കരാറും സഹായകമായി എന്ന് വിലയിരുത്തപ്പെടുന്നു. രൂപയിലും ദിർഹത്തിലും ഇടപാട് നടത്താൻ കരാർ അനുമതി നൽകിയിരുന്നു. ഇതോടെ ഔദ്യോഗിക ചാനൽ വഴി ഇടപാടുകൾ വർദ്ധിച്ചു. അനൗദ്യോഗിക ഇടപാടുകൾ കുറയുകയും ചെയ്തു. കൂടാതെ പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ചതും നേട്ടമായി.