covid

ന്യൂഡൽഹി: രാജ്യത്ത് ജെഎഎൻ വൺ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,669 ആയി. മൂന്നുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,33,327 ആയി. 4,44,70,576പേർക്കാണ് രോഗം ഭേദമായത്. നിലവിൽ 98.81 ആണ് രോഗമുക്തി നിരക്ക്.

കേരളം, കർണാടക, ഗുജറാത്ത്, തമിവ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം ചേർന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് യോഗം വിലയിരുത്തി. രോഗം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായ ശ്രമം നടത്തണമെന്നും, രോഗ ലക്ഷണങ്ങൾ കാണുന്നവരെ നിരീക്ഷിക്കാനും തീവ്രമായി രോഗം ബാധിക്കുന്നവർക്ക് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കണമെന്നും നിർദേശം നൽകി.