
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ പൊലീസും എസ്എഫ്ഐയും തമ്മിൽ സംഘർഷം. ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ അഞ്ച് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്.സംഘപരിവാർ അനുകൂലികളാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞത്. ക്യാമ്പസിൽ എത്തിയവരെ എസ്എഫ്ഐ പ്രവർത്തകർ അകത്തേക്ക് കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിൽ പങ്കെടുക്കാനെത്തിയ യുഡിഎഫ് പ്രതിനിധികളെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിനുളളിലേക്ക് കടത്തിവിട്ടു.
കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം നടക്കുകയാണ്. സെനറ്റ് ഹാളിന്റെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയാണ്. അതിനിടെ, പ്രവർത്തകർ തടഞ്ഞ അംഗങ്ങളെ ഹാളിനുളളിൽ കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത ഒമ്പത് സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ മുൻപ് തന്നെ പറഞ്ഞിരുന്നു. 'ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്ഐ ഏറ്റെടുക്കുകയാണ്. ഇതുവരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നത്' എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ പ്രതികരിച്ചു.
ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ ചേരുന്നത്. രാവിലെ പത്തരയ്ക്ക് സർവകലാശാല ക്യാമ്പസിലാണ് സെനറ്റ് യോഗം നടക്കുന്നത്.