
ഏഴായിരം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ ദക്ഷിണാമുഖി നന്ദ തീർത്ഥ കല്യാണിക്ഷേത്രം. ബംഗളൂരു മല്ലേശ്വരം ലേഔട്ട് ഗംഗമ്മ ക്ഷേത്രത്തിന് എതിർവശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നന്ദി തീര്‍ത്ഥ, നന്ദേശ്വര തീര്‍ത്ഥ, ബസവ തീര്‍ത്ഥ, മല്ലേശ്വരം നന്ദി ക്ഷേത്രം എന്നീ പേരുകളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നു. ശിവലിംഗത്തെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
ക്ഷേത്രത്തിലെ നന്ദി വിഗ്രഹമാണ് ശ്രദ്ധേയം. തെക്ക് ഭാഗത്തേക്ക് അഭിമുഖമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ദക്ഷിണ മുഖ നന്ദി എന്ന പേരിലും അറിയപ്പെടാറുണ്ട്. നന്ദിയുടെ വായില്‍ നിന്ന് വെള്ളം തീര്‍ത്ഥം പോലെ താഴേക്ക് പതിക്കുന്നു. എന്നാല്‍ ഇതിന് പിന്നിലുള്ള വസ്തുത ഇപ്പോഴും ആര്‍ക്കും കൃത്യമായി അറിയില്ല. നിരന്തരമായി വായില്‍ നിന്ന് വെള്ളം ഒഴുകികൊണ്ടിരിക്കുന്നു. മഴക്കാലമായാലും അല്ലെങ്കിലും ഇത് നിലയ്ക്കില്ല. ഭക്തര്‍ ഇതിനെ പവിത്രമായി കണക്കാക്കി ആരാധിച്ചുപോരുന്നു. നന്ദിയുടെ വായില്‍ നിന്നുള്ള വെള്ളം ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്തുള്ള കല്യാണി പടിക്കെട്ടിലേക്ക് പോകുന്നു.
ചരിത്രം
1997ൽ ഒഴിഞ്ഞ് കിടന്ന പ്രദേശത്ത് ഖനനം ചെയ്യവെയാണ് നന്ദിയുടെ വിഗ്രഹം മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത്. ഇവിടെ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഈ സ്ഥലത്തെത്തി കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോഴാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ തെളിയുന്നത്. ഒരു കുളത്തിന് പുറമേ മദ്ധ്യഭാഗത്തായി ഒരു ഗ്രാനൈറ്റ് ഗോവണി, മണ്ഡപം, കല്‍ത്തൂണുകള്‍ എന്നിവ കണ്ടെത്തി. ഇവയ്ക്ക് ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും കണ്ടെത്താനായി.
നന്ദി വിഗ്രഹത്തില്‍ നിന്ന് വരുന്ന വെള്ളം ശിവലിംഗത്തില്‍ അഭിഷേകം നടത്തി ക്ഷേത്രത്തിന് മദ്ധ്യഭാഗത്തുള്ള ടാങ്കിലേക്ക് വീഴുന്നു. കല്യാണി എന്നാണ് ഈ ടാങ്ക് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 വര്‍ഷം പഴക്കമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 7000 വര്‍ഷം പഴക്കമുണ്ടെന്നും പറയപ്പെടുന്നു. അതേസമയം, നന്ദിയുടെ വായില്‍ നിന്ന് വരുന്ന വെള്ളം എവിടെ നിന്ന് വരുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സാധാരണഗതിയില്‍ നിന്ന് അല്‍പ്പം താഴ്ന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.