woman

ഹൈദരാബാദ്: 45 കാരിയുടെ ഒരാഴ്ചയോളം പഴക്കമുളള മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തു. ഖമ്മം ജില്ലയിലെ സത്തുപ്പളളി സ്വദേശിനിയായ മുഖു രാധാ കുമാരിയുടെ മൃതദേഹമാണ് വീടിനുളളിൽ നിന്നും പൊലീസ് കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിന് പിന്നാലെ അയൽവാസികൾ ജീഡിമെ​റ്റ്ല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോൾ വീട് അകത്തുനിന്നും അടച്ചിട്ട നിലയിലായിരുന്നു. കതക് തുറന്ന് പൊലീസ് വീടിനുളളിൽ പ്രവേശിച്ചതോടെ കണ്ടത് ഹാളിലെ കട്ടിലിൽ അഴുകിയ നിലയിലുളള മുഖുവിന്റെ മൃതദേഹമാണ്, സംഭവസ്ഥലത്തുനിന്ന് യുവതിയുടെ അമ്മ വിജയ ലക്ഷ്മിയെയും സഹോദരൻ മുഖു പ്രവീൺ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവർക്കും മാനസികപ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖുവിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിവാഹബന്ധം വേർപ്പടുത്തിയ യുവതി കഴിഞ്ഞ കുറെ നാളുകളായി അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ചുവരികയായിരുന്നുവെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് മാദ്ധ്യമങ്ങളോട് അറിയിച്ചു.