
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്കും ഭാര്യയ്ക്കും മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയും. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തിന് മന്ത്രി കെ പൊന്മുടിക്കും ഭാര്യ വിശാലാക്ഷിയ്ക്കും എതിരായാണ് ശിക്ഷാവിധി. 2016ൽ മന്ത്രിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് പൊന്മുടി എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. 2006- 2010 കാലത്ത് മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം പൊന്മുടി മന്ത്രിയായിട്ടുണ്ട്.
ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മറ്റേതെങ്കിലും മന്ത്രിയായിരുന്നുവെങ്കിൽ സമീപനം വ്യത്യസ്തമായിരുന്നേനെയെന്ന് കോടതി വ്യക്തമാക്കി. പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രിയായിരിക്കേയാണ്. ഭാവി തലമുറയെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ മന്ത്രി സൂപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് റിപ്പോർട്ടുണ്ട്.
2011ലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ജൂലായിൽ പൊന്മുടിയെയും മകൻ കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപി ഗൗതം സിഗമണിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ പൊന്മുടി തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്ന് ഇഡി ആരോപിക്കുന്നു. വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ പൊൻമുടി അനധികൃത ചെങ്കൽ ക്വാറി അനുവദിച്ചതായും ആരോപണമുണ്ട്.