
നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ ഗവർണർ ഒപ്പിടാതെ അനന്തമായി പിടിച്ചുവയ്ക്കുകയും, ഒടുവിൽ നിയമനിർമ്മാണ സഭയെ നോക്കുകുത്തിയാക്കി അത് രാഷ്ട്രപതിക്കു വിടുകയും ചെയ്യുന്ന പ്രവണത ഈയിടെ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്നത് നമ്മൾ കാണുന്നു. ഇതൊരു സങ്കീർണ്ണ പ്രശ്നമായി വളരുന്നതിനിടെയുള്ള സുപ്രീംകോടതി ഇടപെടൽ ഇരകളായ സംസ്ഥാനങ്ങൾക്ക് തെല്ല് ആശ്വാസം പകർന്നിരിക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 200-ന്റെയും, ഇതിലെ വ്യവസ്ഥയുടെയും അർത്ഥത്തെക്കുറിച്ച് വലിയ ആശയക്കുഴപ്പം പൊതുവിൽ ഉണ്ടായിട്ടുണ്ട്.
സംസ്ഥാന നിയമസഭ ഒരു ബിൽ പാസാക്കിയ ശേഷം ഗവർണറുടെ അംഗീകാരത്തിനായി അവതരിപ്പിക്കുമ്പോൾ ഗവർണറുടെ മുമ്പാകെയുള്ള ഓപ്ഷനുകളുമായി ബന്ധപ്പെട്ടതാണ് ആർട്ടിക്കിൾ 200. ചില വ്യവസ്ഥകൾ പുനഃപരിശോധിക്കുന്നതിനുള്ള അഭ്യർത്ഥനയോടെ ഗവർണർക്ക് ബിൽ നിയമസഭയിലേക്ക് തിരികെ അയയ്ക്കാം.
ബിൽ മൊത്തത്തിലോ, പുനഃപരിശോധനയ്ക്കു ശേഷം ഭേദഗതികളോടെയോ അല്ലാതെയോ നിയമസഭ ബിൽ പാസാക്കിയാൽ, ഗവർണർ ആ ബില്ലിന്റെ അനുമതി തടഞ്ഞുവയ്ക്കാൻ പാടില്ലെന്ന് അതിൽ വ്യക്തമാക്കുന്നു.
ഒരു ബില്ലിൽ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളുണ്ടെന്ന് ഗവർണർ കരുതുന്നുവെങ്കിൽ, പുനഃപരിശോധിക്കാൻ തിരിച്ചയയ്ക്കുക മാത്രമാണ് അദ്ദേഹത്തിന് ഏകമാർഗം. കേന്ദ്ര നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകൾ അടങ്ങിയിട്ടില്ലെങ്കിൽ സമകാലിക വിഷയങ്ങളിലെ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഇത് 2023 നവംബർ 10-ന് പഞ്ചാബ് സംസ്ഥാനത്തിനും പഞ്ചാബ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നൽകിയ ആർട്ടിക്കിൾ 200-ന്റെ ക്രിയാത്മക വ്യാഖ്യാനത്തിൽ വ്യക്തത നൽകി വിശദീകരിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളുടെയും ഭരണം, ഭരണഘടനാനുസൃതമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് യൂണിയന്റെ കടമയാണെന്ന് ആർട്ടിക്കിൾ 355 പറയുന്നു. ആർട്ടിക്കിൾ 200 ലംഘിക്കുന്നത്, ആർട്ടിക്കിൾ 356 പ്രകാരം ഭരണഘടനാനുസൃതമായി സംസ്ഥാന ഭരണം നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നതാണ്. ഇത് സംസ്ഥാനത്ത് ഭരണഘടനാ യന്ത്രങ്ങൾ പരാജയപ്പെട്ടാൽ മാത്രം പ്രയോഗിക്കപ്പെടേണ്ടതാണ്.
ആർട്ടിക്കിൾ 154 പ്രകാരം ഗവർണർക്ക് അദ്ദേഹത്തിന്റെ എക്സിക്യുട്ടീവ് അധികാരങ്ങൾ മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാനാകൂ. മാത്രമല്ല, ഗവർണർ ഒരു ഭരണഘടന തലവൻ മാത്രമാണ്, അദ്ദേഹത്തിന് വീറ്റോ അധികാരം ഇല്ല എന്ന വസ്തുതയും തിരിച്ചറിയണം. പുതിയ വ്യാഖ്യാനം, ആർട്ടിക്കിൾ 200ലെ ആദ്യ വ്യവസ്ഥയുടെ യഥാർത്ഥ അർത്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ വ്യാഖ്യാതാക്കളിൽ ഡി.ഡി. ബസു ഉൾപ്പെടെ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, ഈ ആർട്ടിക്കിൾ പ്രകാരം സമ്മതം തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ അധികാരത്തിന് ഒരു അന്തിമ പരിധിയുണ്ടെന്നും, ഒരിക്കൽ അനുമതി തടഞ്ഞുവച്ചാൽ ബില്ലിന് സംഭവിക്കുക സ്വാഭാവിക മരണമാണെന്നുമാണ്. ആദ്യ വ്യവസ്ഥയനുസരിച്ച് ബിൽ പുനഃപരിശോധിക്കാൻ തിരിച്ചയയ്ക്കാനുള്ള ഓപ്ഷൻ വിവേചനാധികാരമാണെന്നും, നിർബന്ധമല്ലെന്നും അവർ അഭിപ്രായപ്പെടുന്നു.
അതിനാൽ, ബില്ലിന്റെ അനുമതി തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ അധികാരം കേവലമാണെന്ന അനുമാനമുണ്ടായിരുന്നു. ബിൽ പുനഃപരിശോധനയ്ക്കായി വീണ്ടും അസംബ്ലിയിലേക്ക് അയയ്ക്കുന്നതുമായി ബന്ധിപ്പിച്ചുകൊണ്ട്, സമ്മതപത്രം തടഞ്ഞുവയ്ക്കാനുള്ള ഓപ്ഷൻ ഫലത്തിൽ ചീഫ് ജസ്റ്റിസ് നീക്കം ചെയ്തു. ഗവർണർ അനുമതി തടഞ്ഞുവയ്ക്കാൻ തീരുമാനിച്ചാൽ, അത് പുനഃപരിശോധിക്കാൻ ഉടൻ നിയമസഭയിലേക്ക് തിരിച്ചയയ്ക്കണമെന്നും ഈ സാഹചര്യത്തിൽ സമ്മതം അറിയിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും വിധിയിൽ പറയുന്നു. ഗവർണർമാരുടെ അപചയത്തിൽ നിന്നുള്ള മുക്തി തന്നെയാണ് സുപ്രീംകോടതി ലക്ഷ്യമാക്കിയത്. ചില ഗവർണർമാർ തങ്ങളുടെ അംഗീകാരത്തിനായി ലഭിച്ച ബില്ലുകളിൽ ഒരു തീരുമാനവുമെടുക്കാതെ രണ്ടോ മൂന്നോ വർഷങ്ങൾ ബില്ലുകളിൽ അടയിരിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയ്ക്ക് ഭൂഷണമേയല്ല.
എങ്കിലും, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഒരു ബിൽ മാറ്റിവയ്ക്കുന്നത് ഒരു ഗവർണർക്ക് ഇപ്പോഴും ലഭ്യമായ ഒരു സമ്പൂർണ്ണ ഓപ്ഷനാണ്. അതേസമയം, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാവുന്ന ബില്ലുകൾ ഏതെല്ലാമെന്ന് ഭരണഘടന പരാമർശിക്കുന്നില്ല. അതിനാൽ, പ്രത്യക്ഷത്തിൽ ഗവർണർക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഏതു ബില്ലും രാഷ്ട്രപതിക്ക് അയയ്ക്കാം! രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാവുന്ന ബില്ലുകൾ ഏതൊക്കെ എന്ന തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇതുകൂടി അറിഞ്ഞിരിക്കുക: ഒരു ഗവർണർക്ക് സംസ്ഥാന വിഷയത്തിൽ മാത്രമുള്ള ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ കഴിയില്ല.