
കുടുംബ പരിപാടികൾക്ക് കുട്ടികളെ കൊണ്ടുപോകുന്നത് പല മാതാപിതാക്കളെ സംബന്ധിച്ചും തലവേദനയുണ്ടാക്കുന്ന കാര്യമാണ്. അനാവശ്യമായി വാശിപിടിക്കുക, കരയുക, മറ്റ് കുട്ടികളെ ഉപദ്രവിക്കുക, ആവശ്യമില്ലാത്തതും മോശവുമായ കാര്യങ്ങൾ സംസാരിക്കുക തുടങ്ങി കുട്ടികളുടെ ഭാഗത്ത് നിന്നും എന്തുണ്ടാകുമെന്ന് നമുക്ക് പ്രവചിക്കാനേ ആകില്ല. നിങ്ങൾക്ക് ധൈര്യമായി കുട്ടിയെയും കൊണ്ട് ചടങ്ങുകളിൽ പങ്കെടുക്കണോ? അതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ നിങ്ങളുടെ കുഞ്ഞിനെ പറഞ്ഞ് മനസിലാക്കിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടുപോയാൽ അവർ യാതൊരു പ്രശ്നവും ഉണ്ടാക്കുന്നതല്ല. ഈ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. എവിടേക്കാണ്, എന്ത് പരിപാടിക്കാണ് പോകുന്നത് എന്ന് കുട്ടിയോട് ആദ്യമേ പറയുക. ആരൊക്കെയാണ് അവിടെ എത്തുന്നത്, എന്തൊക്കെ കാര്യങ്ങൾ സംഭവിക്കും, പരിപാടി എത്ര സമയം നീളും തുടങ്ങിയ കാര്യങ്ങൾ പറയാൻ വിട്ടുപോകരുത്. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.
2. എല്ലാവരോടും മാന്യമായി പെരുമാറേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കുക. മുതിർന്നവരോട് ബഹുമാനം കാണിക്കണമെന്നും, ഭക്ഷണം മറ്റുള്ളവരുമായി പങ്കിട്ട് കഴിക്കണമെന്നും പഠിപ്പിക്കുക. വൃത്തിയായി വസ്ത്രം ധരിക്കേണ്ടതിന്റെ പ്രാധാന്യവും കുഞ്ഞുങ്ങൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുക.
3. ദേഷ്യം, ആവേശം, വിരസത, ഉത്‌കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നിയന്ത്രിക്കാൻ ഡീപ് ബ്രീത്തിംഗ് പോലുള്ള ടെക്‌നിക്കുകൾ നേരത്തേ പഠിപ്പിക്കുക. അവർക്ക് വേണ്ട ആത്മവിശ്വാസവും ധൈര്യവും പകർന്ന് കൊടുക്കുക. സ്ഥിരമായി ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കിൽ അതിന്റെ കാരണം കുട്ടിയോട് ചോദിച്ച് മനസിലാക്കുക.
4. മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാനുള്ള ധൈര്യം കുട്ടിയിൽ ഉണ്ടാക്കിയെടുക്കുക.
5. മറ്റ് കുട്ടികളുമായി ഇടപഴകാനും സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കാനും അനുവദിക്കുക.
6. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ പഠിപ്പിക്കുക. നൃത്തം, പാട്ട്, കായികം തുടങ്ങിയ മേഖലകളിൽ കുട്ടിക്ക് അഭിരുചിയുണ്ടോ എന്ന് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക.
7. ഭക്ഷണം തരുന്നവരോടും, ഗിഫ്റ്റ് തരുന്നവരോടുമെല്ലാം തിരിച്ച് നന്ദി പറയണമെന്ന കാര്യവും കുട്ടിയെ പറഞ്ഞ് മനസിലാക്കുക.