
കൗമുദി ടിവി ചൈത്രനിലാവിൽ സമൂഹമാദ്ധ്യമത്തിലെ വൈറൽ പാട്ടുകാരനായ നാലുവയസുകാരൻ വേദൂട്ടൻ ആയിരുന്നു താരം. അമ്മയുടെ ഒക്കത്തിരുന്ന് വേദൂട്ടൻ 'ആലായാൽ തറ വേണം' എന്ന പാട്ടു പാടിയപ്പോൾ കെഎസ്.ചിത്രയും മതിമറന്ന് കൈയടിച്ചു. വേദിയിലേക്ക് അമ്മയോടൊപ്പമായിരുന്നു വേദൂട്ടൻ എത്തിയത്. കെഎസ് ചിത്ര അടുത്തെത്തിയതോടെ വേദൂട്ടൻ ഹലോ ഹലോ എന്ന് പറഞ്ഞ് തന്റെ മാസ്റ്റർ പീസ് ഗാനമായ 'ആലായാൽ തറവേണം' എന്ന പാട്ട് പാടി ചിത്രയെയും കാണികളെയും വീണ്ടും അമ്പരപ്പിച്ചു.
കെഎസ് ചിത്ര ആലപിച്ച ഓമനത്തിങ്കൽ എന്ന ഗാനം കേട്ടാണ് വേദൂട്ടൻ സ്ഥിരമായി ഉറങ്ങാറ്. ആ പാട്ട് തനിക്ക് വേണ്ട് പാടിത്തരുമോ എന്ന് കെഎസ് ചിത്ര ചോദിച്ചപ്പോൾ 'പാടി പാടി മടുത്തു മടുത്തു' എന്ന ഉത്തരമാണ് വേദൂട്ടൻ നൽകിയത്. പിന്നാലെ മറ്റൊരു ഗാനവും വേദൂട്ടൻ ചിത്രയ്ക്ക് വേണ്ടി പാടി. ഇതോടെ സദസിന്റെ കയ്യടിയും വേദൂട്ടനെ തേടിയെത്തി. കേരളകൗമുദിയും കൗമുദി ടി.വിയും ചേർന്ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'കൗമുദി ചൈത്രനിലാവ്' എന്ന പരിപാടിയാണ് സംഗീതവിരുന്നിന് വേദിയായത്.
ദിവസങ്ങൾക്ക് മുമ്പാണ് വേദൂട്ടന്റെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൈറലായത്. മുത്തച്ഛന്റെ പിറന്നാളാഘോഷച്ചടങ്ങിൽ ആലായാൽ തറവേണം എന്ന ഗാനമാണ് വേദൂട്ടൻ പാടിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. പിന്നാലെ വേദൂട്ടന്റെ വിശേഷങ്ങൾ മാദ്ധ്യമങ്ങൾ പങ്കുവച്ചിരുന്നു.