neru-

മുഖവുരകളൊന്നുമില്ലാതെ പറയട്ടെ നേര് ഒരു മികച്ച ചിത്രമാണ്. ചില ചേരുവകൾ ചേരുംപടി ചേരുമ്പോൾ നല്ല റിസൽട്ട് കിട്ടുന്നത് സ്വാഭാവികമല്ലേ? അത്തരത്തിൽ എല്ലാ ചേരുവകളും കൃത്യമായി ചേർത്താണ് നേരിനെ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. മോഹൻലാൽ മുതലുള്ള സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ വല്ലാതങ്ങ് സ്പർശിക്കുകയാണ്. അനശ്വരാ രാജൻ മലയാള സിനിമയ‌്ക്ക് വാഗ്‌ദാനമാണെന്ന് നേര് തെളിയിക്കുന്നു.

ഒരു മോഹൻലാൽ ചിത്രത്തിന്റെ വിജയത്തിന് വേണ്ടി മലയാളസിനിമ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. നേരം തെളിഞ്ഞത് ഇപ്പോഴാണ്. 2023 അവസാനിക്കാറാകുന്ന ഈ വേളയിൽ ലാൽ, ആരാധകരെ നിരാശപ്പെടുത്തിയില്ല. അഡ്വ. വിജയമോഹനെ ലാൽ തന്റെ വഴിക്കു കൊണ്ടുവന്ന് മനോഹരമാക്കിയിട്ടുണ്ട്. വഴിക്കു കൊണ്ടുവരിക എന്നു പറഞ്ഞാൽ അത് മോഹൻലാലിന് മാത്രം കഴിയുന്ന കാര്യമാണ്. മലയാള സിനിമ എത്രയോ വക്കീൽ കഥാപാത്രങ്ങളെ കണ്ടിരിക്കുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തനാണ് വിജയമോഹൻ. റിയാലിറ്റിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന ആ കഥാപാത്രമായുള്ള ലാലിന്റെ പകർന്നാട്ടം പ്രേക്ഷകന് വിസ്‌മയത്തോടെ തിയേറ്ററിൽ കാണാം.

neru-movie

12 വയസിൽ കാഴ്‌ച നഷ്‌ടപ്പെട്ട സാറ എന്ന പെൺകുട്ടിക്ക് പെട്ടെന്നൊരു ദിവസം ജീവിതത്തിൽ സംഭവിക്കുന്ന ട്രോമയും തുടർന്ന് നടക്കുന്ന നിയമപോരാട്ടവുമാണ് നേര്. സാറയായി അനശ്വര അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യം പറഞ്ഞത് ഒന്നുകൂടി പറയട്ടെ 'അനശ്വരാ രാജൻ മലയാള സിനിമയ‌്ക്ക് വാഗ്‌ദാനമാണെന്ന് നേര് തെളിയിക്കുന്നു'. ഒപ്പത്തിൽ അന്ധനായി മോഹൻലാൽ കാണിച്ച ബ്രില്യൻസ് നേരിൽ അനശ്വരയിലും കാണാം. ഭയങ്കരമായി ഫീലും രോമാഞ്ചവും കിട്ടുന്ന ഒരു സീൻ സിനിമയിലുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല. പ്രേക്ഷകന് അത് തിയേറ്ററിൽ കൃത്യമായി അനുഭവിക്കാൻ കഴിയും.

neru-movie-review

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് നടൻ സിദ്ദിഖ്. അഡ്വ. രാം മോഹനായി അദ്ദേഹം അമ്പരപ്പിക്കുന്നു. പ്രത്യേകിച്ചും ക്ളൈമാക്‌സിലെ ഒരു സീനിൽ സിദ്ദിഖിലെ നടൻ പ്രേക്ഷകനിൽ ഉളവാക്കുന്നത് ഭയത്തിനും വെറുപ്പിനും ഇടയിലുള്ള വികാരമാണ്. ജഗദീഷിന്റെ പ്രകടനവും ഗംഭീരമായി. ഇത് തന്റ അച്ഛൻ സീസൺ എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജഗദീഷ് പ്രതികരിച്ചത്. ധാരാളം വൈകാരിക തലങ്ങളുള്ള കഥാപാത്രത്തെ നേരിൽ അതീവ ഹൃദ്യമായി അവതരിപ്പിക്കാൻ ഈ നടന് കഴിഞ്ഞു.

പ്രിയാമണി, ശാന്തി മായാ ദേവി എന്നിവരുടെ പ്രടനങ്ങളും കൈയടി നേടുമെന്നതിൽ സംശയമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രിയാമണിക്ക് നീണ്ട ഒരിടവേളയ‌്ക്ക് ശേഷം മലയാള സിനിമയിൽ ശക്തമായ കഥാപാത്രത്തെയാണ് ജീത്തു ജോസഫ് നൽകിയത്. അതിനോടവർ പൂർണമായും നീതി പുലർത്തുകയും ചെയ‌്തു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശാന്തി നല്ല അഭിനേത്രി കൂടിയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. നേരിലും ആ പ്രതീക്ഷയ‌്ക്കൊത്തുയർന്നിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ഒരു പ്രത്യേക സീനിൽ അത് ദൃശ്യമാണ്. ഗണേശ് കുമാർ, ശ്രീധന്യ, ശങ്കർ ഇന്ദുചൂഡൻ, അദിതി രവി, ദിനേശ് പ്രഭാകർ, രശ്മി അനിൽ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

court

പൂർണമായും ഒരു ഇമോഷണൽ ഡ്രാമയാണ് നേര്. എവിടെയൊക്കെയോ ദൃശ്യത്തെ ഓർമ്മിപ്പിക്കുന്നു എന്നല്ലാതെ ദൃശ്യത്തോട് ഒരു തരത്തിലും ഉപമിപ്പിക്കാവുന്ന ട്വിസ്‌റ്റോ ത്രില്ലിംഗ് സീനുകളോ നേരിൽ പ്രതീക്ഷിക്കരുത്. തിരക്കഥയുടെ ബ്രില്യൻസ് തന്നെയാണ് ഇവിടെയും രാജാവ്. ഓരോ സീനിനോടും നീതി പുല‌ർത്തുന്ന പശ്ചാത്തല സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ജീത്തു ജോസഫ് ചിത്രം 2023ലെ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമാകുമെന്നതിൽ സംശയം വേണ്ട.

content- Neru malayalam movie review