
തൃശൂർ: നടിയും മുൻ ബിജെപി നേതാവുമായ ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസിലെ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ തൃശൂരിൽ കുന്നംകുളത്തുനിന്നാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുന്നംകുളത്തിനടുത്ത് ചൂണ്ടലിൽ താമസിച്ചുവരികയായിരുന്ന ത്മിഴ്നാട് പുതുശേരി സ്വദേശി അഴകപ്പൻ (63), ഭാര്യ നാച്ചാൻ (56), മകൻ ശിവ (32), ഇയാളുടെ ഭാര്യ ആരതി (28), സതീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖകൾ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് കൈക്കലാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്തംബറിലാണ് നടി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
തനിക്കും മകൾക്കുമെതിരെ വധഭീഷണിയുണ്ടെന്നും ഗൗതമി പരാതിയിൽ ആരോപിച്ചിരുന്നു. 46 ഏക്കർ വസ്തു വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞെത്തിയ അഴകപ്പനും ഭാര്യയും തന്നെ ചതിച്ച് സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് നടി പരാതിയിൽ വ്യക്തമാക്കുന്നത്.