
കോട്ടയം: ഡയറിഫാമുകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ടീയ ഗോകുൽ മിഷൻ പദ്ധതിയുടെ മറവിൽ കേരളത്തിലെ പശുക്കളെ തമിഴ്നാട്ടിലേക്ക് കടത്തി വൻകിട ലോബി ലാഭം കൊയ്യുന്നു. 200 പശുക്കളെ വരെ വളർത്തുന്നതിന് നാല് കോടി രൂപ അനുവദിക്കുന്ന പദ്ധതിയിൽ രണ്ട് കോടി കേന്ദ്ര സബ്സിഡിയും രണ്ട് കോടി ബാങ്കുവായ്പയുമാണ്. അഞ്ച് ഏക്കർ സ്ഥലം ഫാമിന് വേണം.
കേരളത്തിൽ വില കൂടുതലും സ്ഥലം ലഭ്യത കുറവുമാണ്. കൂടിയ ചെലവും കുറഞ്ഞ ഉത്പാദന ക്ഷമതയും കാരണം പശു വളർത്തൽ ലാഭകരമല്ല. പലരും പശുക്കളെ വിൽക്കാൻ നിർബന്ധിതരാകുന്നു . തമിഴ്നാട്ടിൽ കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് സ്ഥലം ലഭ്യമായതിനാൽ അവിടെ നിന്നുള്ള ലോബി ഉത്പാദനക്ഷമത കുറവുള്ള പശുക്കളെ കേരളത്തിൽനിന്നുവാങ്ങി സബ്സിഡി തട്ടിയെടുക്കുകയാണെന്നാണ് പരാതി. പശുക്കളുടെ എണ്ണത്തിൽ കുറവു വന്നതിനാൽ കേരളത്തിൽ പാൽ ഉത്പാദനവും വളരെക്കുറഞ്ഞു.
കേരളത്തിൽ നിന്ന് പശുക്കൾ വാങ്ങുന്നത്
പാല് കുറവുള്ള പശുക്കൾ 25,000 രൂപ മുതൽ കേരളത്തിൽ ലഭ്യമാണ് . തമിഴ്നാട്ടിൽ ഒരു ലക്ഷം രൂപവരെയാണ് വില. പശുവളർത്തൽ ലാഭകരമായതിനാൽ ഡിമാൻഡും കൂടുതലാണ്. കേരളത്തിൽ നിന്ന് പശുക്കളെ കൂടുതൽ വാങ്ങാൻ ഇതാണ് കാരണം .
മിൽക്ക്ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം ( എം.എസ്.ഡി.പി ) വഴി കന്നുകാലി വളർത്തലിന് സംസ്ഥാന ഡയറി വകുപ്പ് സബ്സിഡി വായ്പ നൽകുന്നുണ്ട്. തട്ടിപ്പ് തടയാൻ പുറത്തു നിന്നുള്ള കന്നുകാലികളെ വാങ്ങണം. ഇവയ്ക്ക് രോഗ പ്രതിരോധ ശേഷി കുറഞ്ഞ് ചത്തുപോകുന്നതിനാൽ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നതു മനസിലാക്കി തമിഴ്നാട് ലോബി ഇത്തരം പശുക്കളെ വാങ്ങി കേന്ദ്രസബ്സിഡി തട്ടിയെടുക്കുകയാണ്.
കേന്ദ്ര സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ തമിഴ് നാട് ലോബി നടത്തുന്ന കളി അവസാനിപ്പിക്കണം.ഗവേഷണത്തിലൂടെ പാൽ..ഉത്പാദനം കൂടിയ ഇനം പശുക്കളെ കേരളം കണ്ടെത്തണം.
എബി ഐപ്പ് ( ക്ഷീര ർഷകൻ )