k

സതീശന്റെ 'വിശ്വരൂപവും'കോഴിക്കോടൻ ഹൽവയും

യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡി.വൈ.എഫ്.ഐക്കാരും 'ജീവൻരക്ഷാ പ്രവർത്തനം' നടത്തി

ഈഞ്ചപ്പരുവമാക്കിയപ്പോഴൊക്കെ, കടിച്ചുപിടിച്ചു നിന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സഹനശക്തി ഗാന്ധിജിയെയും തോൽപ്പിക്കും. നവകേരള യാത്രയ്ക്കു നേരേ കടലാസ് പോലും ചുരുട്ടിയെറിയരുതെന്നല്ലേ 'പച്ചക്കറി പ്രിയനായ' സതീശൻ അണികൾക്കു നൽകിയ വേദോപദേശം.

അടി കൊള്ളുന്നവനല്ലേ പുളി കുടിക്കൂ. ജീവൻരക്ഷാ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ഗണമാന്മാരും കളത്തിലിറങ്ങിയതോടെ 'നമുക്കും തുടങ്ങണ്ടേ

ജീവൻരക്ഷ' എന്നായി അണികൾ. നവകേരള ബസ് കൊല്ലത്തെത്തിയതോടെ സതീശന്റ വിശ്വരൂപം കേരളം കണ്ടു. ചേര ഉഗ്രവിഷമുള്ള കരിമൂർഖനായി പത്തി വിടർത്തിയാടി: 'അടിക്കണം... അടിച്ചാൽ തിരിച്ചടിക്കണം... സതീശന്റെ ഭാവമാറ്റം അണികൾക്കു പകർന്ന ആവേശമാണ് പിന്നീട് തലസ്ഥാനത്ത് നവകേരള യാത്ര സമാപിക്കുന്നതു വരെ കണ്ടത്.

പിണറായി സഖാവിന് സതീശൻ ആദരപൂർവം മഹാരാജാ പട്ടം ചാർത്തുന്നു,​ സഖാവ് അത് വിനയപൂർവം നിരസിക്കുന്നു: 'ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ വെറും ദാസൻ!' കോൺഗ്രസിന്റെ സമരവീര്യം ഇത്രയും പോരെന്നാണ് കെ. മുരളീധരന്റെ വാദം. നവകേരള സദസ് കഴിഞ്ഞാലും 'ജീവൻരക്ഷാ പ്രവർത്തനം' തുടരണമെന്നാണ് മൂപ്പരുടെ വാദം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് വരെയെങ്കിലും!

 

നല്ലതല്ലൊരുവൻ ചെയ്ത നല്ല കാര്യം മറപ്പത്- ഈ ഗുരുദേവ വചനം കൂടുതൽ അന്വർത്ഥമാവുന്നത് രാഷ്ട്രീയ രംഗത്താണ്. കൈപിടിച്ചുയർത്തുന്നവരുടെ തോളിൽ ചവിട്ടി നിന്ന് പുറംകാൽ കൊണ്ട് തൊഴിക്കുന്നതാണ് രീതി. അതിന് ഇരയായ നേതാക്കളിൽ പ്രമുഖനാണ് ലീഡർ കെ. കരുണാകരൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങിയ പയ്യന്മാരെ കണ്ടെത്തി യൂത്തിലൂടെ മൂത്ത നേതാക്കളാക്കി. ഒടുവിൽ ലീഡർ അപകടത്തിൽപ്പെട്ട് വീണപ്പോൾ, പലരും പിന്നിൽ നിന്നു കുത്തി. ഒരിക്കൽ പത്രക്കാർ ചോദിച്ചു: ലീഡർ കൈപിടിച്ച് ഉയർത്തിയവരിൽ ആര് പിന്നിൽ നിന്ന് കുത്തിയപ്പോഴാണ് കൂടുതൽ വേദന തോന്നിയത് ? ലീഡറുടെ ക്ലാസിക് മറുപടി: അതിൽ ഒരാളുടെ പേരു മാത്രം പറഞ്ഞാൽ മറ്റുള്ളവർക്ക് മന:പ്രയാസമുണ്ടാകും!

പറഞ്ഞു വന്നത് ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റുമാരും കേന്ദ്ര മന്ത്രിമാരുമായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെയും മുരളീ മനോഹർ ജോഷിയുടെയും കാര്യമാണ്. പഴയ ജനസംഘത്തിന്റ പുത്തൻ രൂപമായ ഭാരതീയ ജനതാ പാർട്ടിയുടെ തലതൊട്ടപ്പന്മാർ. രാജ്യത്തിന്റെ രാഷ്ട്രീയഗതി മാറ്റി മറിച്ച അയോദ്ധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിന്റയും രാമക്ഷേത്ര നിർമ്മാണത്തിന്റയും നടുനായകത്വം വഹിച്ചവർ. ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് 1984-ൽ നടന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ വെറും രണ്ടു സീറ്റിലൊതുങ്ങിയ ബി.ജെ.പിയെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ കുടപിടിച്ചവർ....

1990-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്ന് അദ്വാനിയുടെ അദ്ധ്വാനത്തിൽ ആരംഭിച്ച രഥയാത്ര രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനങ്ങളും1992-ൽ ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് അതു നയിച്ചതും ചരിത്രം. കാര്യം കഴിയുമ്പോൾ കമ്മാളൻ പുറത്ത്! അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാവുന്ന രാമക്ഷേത്രത്തിന് ജനുവരി- 22നു നടക്കുന്ന പ്രതിഷ്ഠാചടങ്ങിന് എത്തേണ്ടതില്ലെന്നായിരുന്നു ഇരുവരെയും ചെന്നുകണ്ട ക്ഷേത്ര നിർമ്മാണ ട്രസ്റ്റുകാരുടെ അപേക്ഷ. പ്രായാധിക്യവും അനാരോഗ്യവുമാണ് കാരണമായി പറഞ്ഞത്. 'മോദി ഷോ'യ്ക്ക് വേണ്ടിയാണിതെന്ന ആക്ഷേപവും ഉയർന്നു. വിവാദമായതോടെ വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര പ്രസിഡന്റ് നേരിട്ടെത്തി രണ്ടു നേതാക്കളെയും ക്ഷണിച്ചു. എത്താൻ 'പരമാവധി ശ്രമിക്കാം' എന്നാണത്രെ അവർ നൽകിയ ഉറപ്പ്!

 

കോഴിക്കോട്ടെ മിഠായി തെരുവിന്റെയും കോഴിക്കോടൻ ഹൽവയുടെയും പ്രശസ്തി ഹിമാലയം കയറി. അതിന്

മിഠായിത്തെരുവിലെ കച്ചവടക്കാരും നാട്ടുകാരും നന്ദി പറയേണ്ടത് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്

ഖാനോടാണ്. കടകൾ തോറും കയറിയിറങ്ങി ഹൽവ നുണഞ്ഞും കടക്കാരെ ഉമ്മവച്ചും കുഞ്ഞുങ്ങളെ ഒക്കത്തെടുത്തും കൈവീശിയും ഇടയ്ക്കിടെ തമാശ പൊട്ടിച്ചു ചിരിച്ചും മൂന്ന് മണിക്കൂറോളം നേരം അദ്ദേഹം മിഠായിത്തെരുവിനെ കൈയിലെടുത്തു. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ വെല്ലുന്ന റോഡ് ഷോ! ഒരു ഗവർണറെ തൊട്ടുമുന്നിൽ കണ്ടവർ ആദ്യമൊന്ന് അമ്പരന്നു. പിന്നെ ഒപ്പം ചേർന്നു.

പിണറായിയുടെ പൊലീസിന്റെ സുരക്ഷ വേണ്ടെന്നു പ്രഖ്യാപിച്ച് ഗവർണർ ഇങ്ങനെ ഇറങ്ങിനടക്കുന്നതു കണ്ട് ജനം സ്നേഹം പങ്കിട്ടു. വല്ലാതെ ചങ്കിടിച്ചത് പൊലീസുകാർക്കാണ്. എസ്.എഫ്.ഐക്കാർ ആരെങ്കിലും ചാടിവീണാലോ? ഒന്നും സംഭവിക്കാത്തത് അരുടെയൊക്കെയോ ഭാഗ്യം! തലസ്ഥാനത്ത് തന്റെ വാഹനം ആക്രമിച്ച എസ്.എഫ്.ഐക്കാരെ,​ കാറിൽ നിന്ന് ചാടിയിറങ്ങി നടുറോഡിൽ നിന്ന് വെല്ലുവിളിച്ചതു പോലെ കോഴിക്കോട്ടെ മിഠായിത്തെരുവിൽ 'നിലാവത്ത് ഇറക്കിവിട്ട കോഴി'യെപ്പോലെ ഗവർണർ ഇറങ്ങി നടന്നതും

പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് മുഖ്യമന്ത്രി പിണറായി സഖാവിന്റെ പക്ഷം. ഇക്കാര്യം അദ്ദേഹം അങ്ങ് ഡൽഹിയിലെ,​ ഗവർണറുടെ മേലധികാരികളെ കൈയോടെ തെര്യപ്പെടുത്തുകയും ചെയ്തു.

എങ്കിലും ഒരു കാര്യത്തിൽ സഖാവിന് ആശ്വാസം. കേരളത്തിലെ ക്രമസമാധാനനില തകർന്നെന്നു പറഞ്ഞ് ഗവർണർ ഇനി എങ്ങനെ കേന്ദ്രത്തിന് റിപ്പോർട്ട് അയയ്ക്കും? അഥവാ അയച്ചാൽത്തന്നെ ആര് വിശ്വസിക്കും?​ ഒരു പോറലുമേൽക്കാതെ ജനക്കുട്ടത്തിനൊപ്പം ഇറങ്ങിനടക്കാൻ ഗവർണർക്ക് സാധിച്ചത് കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്നതിന് തെളിവല്ലേ എന്നാണ് സഖാവിന്റെ ചോദ്യം. ഗവർണർ ഇങ്ങനെ തെരുവിൽ അലഞ്ഞു നടന്നത് എ,കെ, ബാലൻ സഖാവിന് അത്ര രുചിച്ചിട്ടില്ല. ഗവർണറുടെ സുരക്ഷയിലാണ് ഉത്ക്കണ്ഠ. ആവശ്യമെങ്കിൽ എസ്.എഫ്.ഐക്കാർ തന്നെ ഗവർണർക്ക് സുരക്ഷ ഒരുക്കുമായിരുന്നത്രെ! ഭേഷ്! കുറുക്കനെത്തന്നെ ഏൽപ്പിക്കണം കോഴിയുടെ കാവൽ!

 

നുറുങ്ങ് :

ബില്ലുകൾ ഒപ്പിടുന്നതിലെ തർക്കം ഗവർണറുമായുള്ള ചായച്ചർച്ച വഴി തീർക്കാവുന്നതേയുള്ളൂവെന്ന

സുപ്രീം കോടതി നിർദ്ദേശത്തോട് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി. ചായച്ചർച്ചയ്ക്ക് രാജ് ഭവനിൽ പോകുമ്പോൾ രണ്ട് കിലോ കോഴിക്കോടൻ ഹൽവയും കരുതിയാൽ 'ബഹൂത് അച്ചാ!'

(വിദുരരുടെ ഫോൺ: 994610 8221)​