
വൻകിട, ചെറുകിട കർഷകർക്ക് ഒരുപോലെ വലിയ ലാഭം കൊയ്യാൻ സാധിക്കുന്ന ഒന്നാണ് കാടകൃഷി. നന്നായി പരിചരിക്കുകയാണെങ്കിൽ മികച്ച രീതിയിൽ മുട്ട ഉൽപാദിപ്പിക്കുന്ന ഒരു പക്ഷിയിനം കൂടിയാണ് കാട. ചെറുതും പറക്കാനാവാത്തതുമായ കാടക്കോഴികൾ ഉയർന്ന നിരക്കിൽ മുട്ട ഉൽപാദിപ്പിക്കാറുണ്ട്, ഇവയെ കൈകാര്യം ചെയ്യാനും എളുപ്പമാണ്,
കാടകൃഷി ചെറുകിട കർഷകർക്ക് പറ്റിയ കൃഷിയാണ്. മുട്ടയുടെയും മാംസത്തിന്റെയും വിൽപനയിലൂടെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനോടൊപ്പം, മറ്റുളള കൃഷിരീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാട വളർത്തൽ എളുപ്പമുളളതാണ്. ശ്രദ്ധയോടെ കാടക്കോഴികളെ വളർത്തിയാൽ വെറും 45 ദിവസം കൊണ്ട് വലിയ ലാഭം കൊയ്യാൻ സാധിക്കുന്നതാണ്. അധികം സ്ഥലമില്ലാത്തവർക്കുപോലും കാടകൃഷി വിജയകരമായി ചെയ്യാം. അധികം മുതൽ മുടക്കില്ലാതെ കാടകൃഷി ചെയ്ത് ലാഭമുണ്ടാക്കുന്ന രീതി പരിചയപ്പെടാം.

വലിയ കൂടുകളില്ലാത്തവർക്ക് കാടകൃഷി തട്ടുതട്ടുകളായി ചെയ്യാവുന്നതാണ്. കാടക്കുഞ്ഞുങ്ങൾ 45 ദിവസം കൊണ്ട് പൂർണവളർച്ചയെത്തുകയും മുട്ടയിടാൻ ആരംഭിക്കുകയും ചെയ്യും.നിലത്താണ് കാടകൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാടക്കോഴിയെ വളർത്തുന്ന സ്ഥലത്ത് കൃത്യമായ രീതിയിൽ നിലമൊരുക്കണം. സാധാരണ മിക്കവരും ചെയ്യുന്നത് നിലത്തുളള മണ്ണിനോടൊപ്പം ചകിരിചോറ് കൂടി ചേർക്കാറുണ്ട്.

തട്ടുതട്ടുകളായിട്ടാണ് കാടകളെ വളർത്തുന്നതെങ്കിൽ അടിവശത്തായിട്ട് പേപ്പർ ഇട്ടുകൊടുത്താൽ മതി. കാടക്കോഴികൾക്ക് മുട്ട ഉൽപ്പാദനം കൂട്ടുന്ന തരത്തിലുളള തീറ്റകളാണ് കൊടുക്കേണ്ടത്. ദിവസവും കൂട് വൃത്തിയാക്കണം. അല്ലെങ്കിൽ കാഷ്ടത്തിൽ നിന്നുളള അമോണിയ കാടക്കോഴികളെ ദോഷകരമായി ബാധിക്കും.
മാപ്പിൽ ഇഎം വൺ ലായനി ഉപയോഗിച്ച് കാടക്കോഴിയുടെ കൂട് വൃത്തിയാക്കുന്നതാണ് അവയുടെ ആരോഗ്യത്തിന് ഉത്തമം. കോഴികൾ പൂർണ വളർച്ചയെത്തുന്ന വരെ ദിവസേന മൂന്ന് നേരം തീറ്റ കൊടുക്കാൻ മറക്കരുത്, ഒരു നേരം നിർബന്ധമായും പച്ചിലകൾ കൊടുക്കണം. ഇത് മുട്ട ഉൽപ്പാദനം കൂട്ടും.ഇത്തരത്തിൽ കാടകൃഷി ചെയ്യുകയാണെങ്കിൽ വിപണിയിൽ നിന്നും ലക്ഷങ്ങളുടെ വരുമാനം നമുക്ക് സ്വന്തമാക്കാവുന്നതാണ്.