
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ല് ലോക്‌സഭയിൽ പാസായി. രാജ്യസഭയിൽ പാസാക്കിയ ബില്ല്,സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ പുറത്തുനിൽക്കവെയാണ് കേന്ദ്രം പാസാക്കിയെടുത്തത്.ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ് കണ്ടിഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) ബില്ലാണ് ലോക്‌സഭ പാസാക്കിയത്.
ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവക്കുന്നതോടെ നിയമമാകും. പാസാക്കിയ ബില്ല് നിയമമാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുക.
ബില്ല് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം മുൻപ് വിമർശിച്ചിരുന്നു. സർച്ച് കമ്മിറ്റി നിർദ്ദേശിക്കുന്നവരിൽ നിന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി കമ്മിഷണർമാരെ നിയമിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കുന്ന ബില്ലിനാണ് ഇപ്പോൾ ഇരുസഭകളും അംഗീകാരം നൽകിയിരിക്കുന്നത്.