
ചെന്നൈ: അനധികൃത സ്വത്തു കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ( 73) ഭാര്യ പി. വിശാലാക്ഷിക്കും ( 60 ) മൂന്ന് വർഷം തടവും 50 ലക്ഷം വീതം പിഴയും വിധിച്ച് മദ്രാസ് ഹൈക്കോടതി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ പൊൻമുടിക്ക് മന്ത്രിസ്ഥാനവും എം. എൽ. എ സ്ഥാനവും നഷ്‌ടപ്പെടും. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 8 (1) വ്യവസ്ഥയിൽ അഴിമതിനിരോധന നിയമ പ്രകാരം കുറ്റക്കാരനാണെന്ന് വിധിക്കുന്നതു മുതൽ അയോഗ്യത നിലവിൽ വരും. പിഴശിക്ഷ മാത്രമാണെങ്കിൽ അന്നുമുതൽ ആറു വർഷവും, തടവുണ്ടെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞ് ആറു വർഷവും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
2016ൽ ഇരുവരെയും വെറുതേ വിട്ട അഴിമതി വിരുദ്ധ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കി കഴിഞ്ഞ ദിവസമാണ് ഇരുവരും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്.2006 -2011 കാലത്ത് ഡി.എം.കെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ 1.72 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പൊന്മുടി കുറ്റക്കാരനാണെന്നും ഭാര്യ കൂട്ടു നിന്നെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.
പൊന്മുടിയെയും ഭാര്യയെയും വ്യത്യസ്ത വ്യക്തികളായി കണ്ടതും ഭാര്യയുടെ ആദായ നികുതി റിട്ടേണുകൾ ഇരുവരെയും വെറുതേ വിടാൻ മറയാക്കിയതും വിചാരണക്കോടതിയുടെ പിഴവാണ്. ഇത്തരം കേസുകളിൽ പൊതുപ്രവർത്തകന്റെ ഭാര്യയെ വേറൊരു വ്യക്തിയായി കാണുന്നത് നീതി നിർവഹണം തടസപ്പെടുത്തുമെന്നും വിധിയിൽ എടുത്തു പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കുറ്രം ചെയ്‌തത്. ഭാവി തലമുറയെ ബാധിക്കുന്ന വിഷയമാണെന്നും കോടതി പറഞ്ഞു.
1996 -2001 കാലത്ത് ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അവിഹിത സ്വത്ത് സമ്പാദിച്ചെന്ന മറ്റൊരു കേസിലും പൊന്മുടിയെയും ഭാര്യയെയും വെറുതേ വിട്ടിരുന്നു. അത് പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേശ് സ്വമേധയാ എടുത്ത കേസ് നടക്കുകയാണ്. അടുത്തിടെ രണ്ട് തവണ പൊന്മുടിയുടെ വസതിയിലുൾപ്പെടെ ഇ.ഡി റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഡി.എം.കെയ്ക്ക് തിരിച്ചടി
പൊന്മുടിയെ ശിക്ഷിച്ചത് സ്റ്റാലിൻ മന്ത്രിസഭയ്‌ക്ക് വലിയ ആഘാതമായി. 1989 മുതൽ കരുണാനിധി മുതലുള്ള ഡി.എം.കെ മന്ത്രിസഭകളിലെല്ലാം സുപ്രധാന വകുപ്പുകൾ വഹിച്ച പൊന്മുടി അയോഗ്യനാക്കപ്പെട്ടാൽ വലിയ തിരിച്ചടിയാകും.
പൊൻമുടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് ഗവർണർ ആർ.എൻ.രവി കഴിഞ്ഞദിവസം മുഖ്യമന്ത്രിഎം.കെ.സ്റ്റാലിനോട് ആവശ്യപ്പെട്ടു. മറ്റൊരു മന്ത്രി സെന്തിൽ ബാലാജി കള്ളപ്പണക്കേസിൽ ജയിലിലാണ്.