bus

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര സീസണിൽ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള തടയാൻ ഇടപെടലുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കർണ്ണാടക ആർടിസി ഈ സീസണിൽ അധികമായി 59 സർവീസുകൾ നടത്താൻ ധാരണയായി.

ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ ആറിരട്ടിവരെ തുകയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഉത്സവകാലം സ്വകാര്യ ബസുകൾക്ക് ചാകരയാണ്. അതിന് തിരിച്ചടിയാണ് കെസി വേണുഗോപാലിന്റെ ഇടപെടലിലുടെയുള്ള കർണ്ണാടക ആർടിസിയുടെ നടപടി. വിദ്യാർത്ഥികളും ഐടി ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലിക്കും മറ്റും എത്തിയ പതിനായിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാണ് ഈ ബസ് സർവീസുകൾ.

ഉത്സവകാലത്തെ യാത്രദുരിതം മലയാളി സംഘടനകൾ കെസി വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെസി വേണുഗോപാൽ കർണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയുമായി സംസാരിച്ചതിനെ തുടർന്നാണ് ക്രിസ്തുമസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 59 സർവീസുകൾ കൂടി അധികമായി നടത്താൻ ഉത്തരവായത്.

22, 23, 24 തീയതികളിലായി ബസ് സർവീസ് ആരംഭിക്കും. എറണാകുളത്തിന് 18 ഉം തൃശൂരിന് 17 ഉം ബസുകൾ അധികം അനുവദിച്ചു. കോഴിക്കോടിനും പാലക്കാടിനും ആറ് വീതവും, കണ്ണൂരിന് അഞ്ച്, കോട്ടയത്തിന് മൂന്ന്, ആലപ്പുഴയ്ക്ക് രണ്ട്, മൂന്നാറിലേക്കും പമ്പയിലേക്കും ഒന്നുവീതവും ബസുകൾ അധികമായി കർണ്ണാടക ആർടിസി സർവീസ് നടത്തും. മൾട്ടി ആക്‌സിൽ വോൾവോ,എസി സ്ലീപ്പർ തുടങ്ങിയ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുക.