pic

അലബാമ: യു.എസിലെ അലബാമയിൽ വധശിക്ഷ വിധിക്കപ്പെട്ട തടവ് പുള്ളികൾക്ക് നൈട്രജൻ വാതകം നൽകി ശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മൃഗഡോക്ടർമാർ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദികൻ കൂടിയായ ഡോ. ജെഫ്രി ഹുഡ് വിശദമാക്കുന്നു. വധശിക്ഷ നടപ്പാക്കുന്ന വേളയിൽ നൈട്രജന്‍ വാതകം മൂലം മറ്റുള്ളവർക്ക് ഉണ്ടാവാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു. സർക്കാർ നീക്കത്തിനെതിരെ ജെഫ്രി കോടതിയെ സമീപിച്ചു. അലബാമ, മിസിസ്സിപ്പി, ഒക്‌ല‌ഹോമ എന്നിവിടങ്ങളിലാണ് വിഷം കുത്തി വയ്ക്കുന്നതിന് പകരം നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നത്. അലബാമയിൽ 1996ൽ കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയിൽ ജനുവരിയിൽ നടപ്പിലാക്കാനൊരുങ്ങുന്നതിനിടയാണ് പ്രതിഷേധം ഉയരുന്നത്.