
ന്യൂയോർക്ക്: ഒരു മണിക്കൂറിലേറെ തകരാറിലായി ജനപ്രിയ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ എക്‌സ്. (ട്വിറ്റർ). ഇന്നലെ രാവിലെ 10.30ന് ശേഷമാണ് എക്സിൽ ആഗോള വ്യാപകമായി സാങ്കേതിക തടസം റിപ്പോർട്ട് ചെയ്തത്. എക്സിന്റെ വെബ്സൈറ്റ്, മൊബൈൽ ഉപഭോക്താക്കൾക്ക് പോസ്റ്റുകൾ കാണാനോ പങ്കിടാനോ കഴിഞ്ഞില്ല. എക്സിന്റെ പ്രീമിയം വേർഷനായ എക്സ് പ്രോയിലും തടസ്സമുണ്ടായി. വ്യാപക പരാതി ഉയർന്നതോടെ ഒരു മണിക്കൂറിന് ശേഷം തകരാർ പരിഹരിച്ചു. യു.എസിൽ 77,000ത്തിലേറെ ഉപഭോക്താക്കൾക്ക് തകരാർ അനുഭവപ്പെട്ടു. എക്‌സ് പണിമുടക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയില്ല. ഇക്കഴിഞ്ഞ മാർച്ച്, ജൂലായ് മാസങ്ങളിലും എക്സിൽ സാങ്കേതിക തകരാറുകളുണ്ടായി.