
റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് വകഭേദം ജെ.എൻ-1 വൈറസ് അതിവേഗം വ്യാപിക്കുന്നതായി പബ്ലിക് ഹെൽത്ത് അതോറിട്ടി വ്യക്തമാക്കി. നിലവിൽ വൈറസ് വ്യാപനത്തിന്റെ അനുപാതം 36 ശതമാനമാണ്, അതേസമയം തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത് ഒരു പുതിയ പകർച്ചവ്യാധി അല്ലെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിട്ടി അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം വിസ അനുവദിക്കല്‍ ഒരു മിനിറ്റിനിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ ദിവസം സൗദിയിൽ പുതിയ സംവിധാനമൊരുക്കിയിരുന്നു. അപേക്ഷ സമര്‍പ്പിച്ച് 60 സെക്കന്‍ഡിനുള്ളില്‍വിസ അനുവദിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പുതിയതായി ആരംഭിച്ച `സൗദി വിസ` എന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ വികസനത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ് സന്ദര്‍ശന വിസകള്‍ക്കും തൊഴില്‍ വിസകള്‍ക്കും അടക്കമുള്ള എല്ലാത്തരം വിസകള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതിന് പോര്‍ട്ടല്‍ സഹായിക്കുമെന്ന് സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.
മുമ്പ് വിസ അനുവദിക്കുന്നതിന് 45 ദിവസങ്ങള്‍ വരെ വേണമായിരുന്നു. പുതിയ സൗകര്യം ചൊവ്വാഴ്ച നിലവില്‍ വന്നതോടെയാണ് 45 ദിവസമെന്നത് ഒരു മിനിറ്റായി ചുരുങ്ങിയിരിക്കുന്നത്.വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സൗദി വിസ പ്ലാറ്റ്‌ഫോമം സ്വമേധയ പൂര്‍ത്തിയാക്കും. ഏതൊക്കെത്തരം വിസകള്‍ ലഭ്യമാണെന്ന് അറിയാന്‍ അപേക്ഷകനെ സഹായിക്കുന്നതിനും, ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമുള്ള സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ സംവിധാനം പോര്‍ട്ടലിനുണ്ട്.ഭാവിയില്‍ വീണ്ടും വിസ അപേക്ഷകള്‍ ലളിതമായി സമര്‍പ്പിക്കാന്‍ ഉതകുന്ന വ്യക്തിഗത പ്രൊഫൈല്‍ രൂപീകരിക്കാനും ക്രമീകരണമുണ്ട്. അപേക്ഷകളില്‍ നല്‍കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതിനായി നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതിക വിദ്യസംവിധാനവും ഇതില്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അബ്ദുല്‍ ഹാദി അല്‍ മന്‍സൂരി പറഞ്ഞു.