
ന്യൂഡല്‍ഹി: ഗുസ്തി മത്സര രംഗത്ത് നിന്ന് പിന്‍മാറുന്നുവെന്ന് വൈകാരിക പ്രഖ്യാപനവുമായി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്. പ്രായപൂര്‍ത്തിയാകാത്ത താരത്തെ ഉള്‍പ്പെടെ ഏഴ് പേരെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജഭൂഷണ്‍ ശരണിന്റെ അടുത്ത അനുയായി റെസ് ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് സാക്ഷി മാലിക്.
ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സാക്ഷി വൈകാരികമായി പ്രഖ്യാപനം നടത്തിയത്. തന്റെ റെസ്‌ലിംഗ് ഷൂസ് അഴിച്ച് മേശപ്പുറത്ത് വച്ച ശേഷമായിരുന്നു പ്രഖ്യാപനം. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലെ നിരാശ പങ്കുവെച്ചുകൊണ്ടാണ് താന്‍ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചത്.
'നീതി തേടി ബ്രിജ്ഭൂഷന് എതിരെ പ്രതിഷേധിച്ച ദിനങ്ങളില്‍ 40 ദിവസത്തോളം തെരുവിലാണ് തങ്ങള്‍ ഉറങ്ങിയതെന്ന് താരം പറഞ്ഞു. ആ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവര്‍ പിന്തുണയുമായി രംഗത്ത് വന്നു. അവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു. ബ്രിജ്ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിംഗ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്'. - സാക്ഷി മാലിക് പറഞ്ഞു.
#WATCH | Delhi: Wrestler Sakshi Malik breaks down as she says "...If Brij Bhushan Singh's business partner and a close aide is elected as the president of WFI, I quit wrestling..." pic.twitter.com/26jEqgMYSd
— ANI (@ANI) December 21, 2023
ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ല. സഞ്ജയ് സിംഗ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.ഒരു വനിതാ പ്രസിഡന്റിനെയാണ് തങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്. അധ്യക്ഷ വനിതയായാല്‍, പീഡനങ്ങള്‍ കുറയും. പക്ഷേ, ലിസ്റ്റ് പരിശോധിച്ചാല്‍ സംഘടനയില്‍ ഇപ്പോഴോ കഴിഞ്ഞ കാലങ്ങളിലോ വനിതാ പ്രാതിനിധ്യം കാണാനാവില്ല.
ഏതെങ്കിലും ഒരു സ്ഥാനത്തുപോലും വനിതയില്ല. ഇതിനെതിരേ പുതിയ തലമുറയിലെ ഗുസ്തിക്കാര്‍ പ്രതിഷേധിക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനാണ് സഞ്ജയ് സിംഗിനെതിരേ മത്സരിച്ചത്. ഗുസ്തി താരങ്ങളുടെ പിന്തുണയോടെയായിരുന്നു അനിതയുടെ സ്ഥാനാര്‍ഥിത്വം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയാണ് അനിത. എന്നാല്‍ 47 വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ മാത്രമേ അനിതയ്ക്ക് ലഭിച്ചുള്ളൂ.