sakshi

ന്യൂഡൽഹി : ലൈംഗീകാരോപണത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ബ്രിജ്ഭൂഷൺ ചരൺ സിംഗിന്റെ പകരം അദ്ദേഹത്തിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് തിരഞ്ഞെടുപ്പിലൂടെ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റായതിന് പിന്നാലെ ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മല്ലിക്ക് താൻ ഗുസ്തിയോട് വിടപറയുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ബ്രിജ്ഭൂഷണിനെതിരായ പരാതി ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ദിവസങ്ങളോളം ഡൽഹിയിൽ സമരം ചെയ്യുകയുംചെയ്ത കായികതാരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നയാളാണ് 2016 റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി.

ഇന്നലെ സഞ്ജയ് പ്രസിഡന്റായ വാർത്തവന്നതിന് പിന്നാലെ ദേശീയ ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്,ബജ്റംഗ് പൂനിയ ,സംഗീത ഫോഗട്ട് തുടങ്ങിയവർക്കൊപ്പം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വൈകാരികമായാണ് സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചത്. ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷണിനെയോ അദ്ദേഹത്തിന്റെ അടുപ്പക്കാരയോ പ്രസിഡന്റാക്കുകയില്ലെന്ന് കേന്ദ്ര കായികമന്ത്രിയായ അനുരാഗ് താക്കൂർ അടക്കമുള്ളമുള്ളവർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായി സാക്ഷി ആരോപിച്ചു. ബ്രിജ്ഭൂഷണിന്റെ ബിസിനസ് പങ്കാളി ഫെഡറേഷൻ പ്രസിഡന്റായിരിക്കുമ്പോൾ താൻ ഗുസ്തിക്കാരിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ സാക്ഷി കരഞ്ഞുകൊണ്ട് തന്റെ ഷൂ അഴിച്ച് മേശപ്പുറത്തുവച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തി പത്രസമ്മേളനം അവസാനിപ്പിച്ചത്.

കേന്ദ്ര സർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കിയ ഗുസ്തി താരങ്ങളുടെ സമരത്തെത്തുടർന്നാണ് ബ്രിജ്ഭൂഷൺ രാജിവയ്ക്കാൻ നിർബന്ധിതനായത്. തന്റെ മകനെയോ മരുമകനെയോ പകരം പ്രസിഡന്റാക്കാനായിരുന്നു ആദ്യ നീക്കമെങ്കിലും പിന്നീട് തനിക്കൊപ്പം കമ്മറ്റിയിൽ ജോയിന്റ് സെക്രട്ടറിയായി ഉണ്ടായിരുന്ന സഞ്ജയ് സിംഗിനെ പ്രസിഡന്റാക്കി പാനലുണ്ടാക്കുകയായിരുന്നു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഈ പാനൽ വലിയ ഭൂരപക്ഷത്തിൽ വിജയിച്ചു. ആകെയുണ്ടായിരുന്ന 47 വോട്ടുകളിൽ 40 വോട്ടും സഞ്ജയ് സിംഗിന് ലഭിച്ചു. കോമൺവെൽത്ത് ഗെയിംസ് മെഡലിസ്റ്റായ മുൻ ഗുസ്തി താരം അനിതാ ഷിയോറനായിരുന്നു എതിരാളി. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ബ്രിജ്ഭൂഷണിന്റെ സഞ്ജയ്‌യുടെ പാനലിൽ വൈസ് പ്രസിഡന്റായി മത്സരിച്ചെങ്കിലും തിരഞ്ഞെ‌ടുക്കപ്പെട്ടില്ല.

രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾക്ക് വേണ്ടി 40 ദിവസം ഞങ്ങൾ റോഡരികിലാണ് കിടന്നത്. ഞങ്ങൾ ആരെ എതിർത്തുവോ അയാളുടെ ബിസിനസ് പങ്കാളി അതേസ്ഥാനത്ത് എത്തിയിരിക്കുന്നു. ആ സ്ഥിതിക്ക് ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്

- സാക്ഷി മല്ലിക്ക്