sanju-samson

പാള്‍: ഇതാണ് കഴിഞ്ഞ എട്ട് വര്‍ഷമായി മലയാളി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന നിമിഷം. രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി തികച്ചിരിക്കുകയാണ് സഞ്ജു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിലാണ് താരം കന്നി സെഞ്ച്വറി കുറിച്ചത്. 110 പന്തുകളില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരം മൂന്നക്കം തികച്ചത്.

തന്റെ 17ാം ഏകദിന മത്സരത്തിലാണ് താരത്തിന്റെ കന്നി സെഞ്ച്വറി പിറന്നത്. ഇതിന് മുമ്പ് നാല് അര്‍ദ്ധ സെഞ്ച്വറികളായിരുന്നു താരത്തിന്റെ ക്രെഡിറ്റിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2022ല്‍ ലക്‌നൗവില്‍ നേടിയ 89 റണ്‍സ് ആയിരുന്നു ഇതിന് മുമ്പുള്ള ഉയര്‍ന്ന സ്‌കോര്‍.

സഞ്ജുവിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമായിരുന്നു. ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 18 ഓവറില്‍ 101ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ യുവതാരം തിലക് വര്‍മ്മയെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും മലയാളി താരത്തിന് കഴിഞ്ഞു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറി 108(114)കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി.

അര്‍ദ്ധ സെഞ്ച്വറി നേടിയ തിലക് വര്‍മ്മ (52), റിങ്കു സിംഗ് (38), രജത് പാട്ടീതാര്‍ (22), കെഎല്‍ രാഹുല്‍ (21) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്നും നാന്‍ദ്രേ ബര്‍ഗര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലിസാഡ് വില്യംസ്, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.