
കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടി സഞ്ജു സാംസൺ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് ജയം
2-1ന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ
ഇന്ത്യ 296/8, 45.5 ഓവറിൽ 218
സഞ്ജു മാൻ ഒഫ് ദ മാച്ച്
പാൾ : ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരുടെ ഹൃദയത്തിൽ പൂത്തിരി കത്തിച്ച തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ (108) മിന്നിത്തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഏകദിന പരമ്പര നേട്ടവുമായി ഇന്ത്യ. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 78 റൺസിന് വിജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ ഇന്ത്യയും രണ്ടാം ഏകദിനത്തിൽ ആതിഥേയരുമാണ് ജയിച്ചിരുന്നത്.
ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫസ്റ്റ് ഡൗണായെത്തി 114 പന്തുകളിൽ ആറ് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 108 റൺസ് അടിച്ച സഞ്ജുവിന്റെ മികവിൽ 296/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 45.5 ഓവറിൽ 218 റൺസിൽ ഒതുങ്ങി.
ഏകദിന അരങ്ങേറ്റം കുറിച്ച രജത് പാട്ടീദാർ(22), ആദ്യ ഏകദിന അർദ്ധസെഞ്ച്വറി നേടിയ തിലക് വർമ്മ (52), 38 റൺസ് നേടിയ റിങ്കു സിംഗ് എന്നിവരുടെ കൂടി പ്രയത്നത്താലാണ് ഇന്ത്യ 296 റൺസിലെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശനും (10), നായകൻ കെ.എൽ രാഹുലും (21) ഇന്നലെ നിരാശപ്പെടുത്തിയെങ്കിലും സാഹചര്യത്തിന്റെ സമ്മർദ്ദെ അതിജീവിച്ച് സഞ്ജു നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജീവശ്വാസമായി മാറിയത്. രാഹുലിനൊപ്പം മൂന്നാം വിക്കറ്റിൽ 52 റൺസും തിലകിനൊപ്പം നാലാം വിക്കറ്റിൽ 116 റൺസും സഞ്ജു കൂട്ടിച്ചേർത്തതാണ് കഴിഞ്ഞ മത്സരത്തിലേതു പോലൊരു തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
81 റൺസ് നേടിയ ഡി സോർസി മാത്രമാണ് ആതിഥേയ ബാറ്റിംഗ് നിരയിൽ പൊരുതിയത്. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേഷ് ഖാനും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാറും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ക്ഷമ സെഞ്ച്വറിയുടെ ഫലം ചെയ്യും
ആദ്യ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാതിരിക്കുകയും രണ്ടാം മത്സരത്തിൽ 12 റൺസിന് പുറത്താവുകയും ചെയ്തതോടെ സമ്മർദ്ദത്തിലായിരുന്ന സഞ്ജു ഇന്നലെ ക്ഷമയോടെ ക്രീസിൽ നിന്ന് കളിച്ചതാണ് സെഞ്ച്വറിയിലേക്ക് നയിച്ചത്. എങ്ങനെ പുറത്താകണമെന്ന് ആലോചിച്ചാണ് സഞ്ജു ബാറ്റ് വീശുന്നതെന്ന് കഴിഞ്ഞ ദിവസം വിമർശിച്ച കമന്റേറ്ററും മുൻ ന്യൂസിലാൻഡ് താരവുമായ സൈമൺ ഡുള്ളിന്റെ വിമർശനം ഉൾക്കൊണ്ട് അനാവശ്യമായ ഷോട്ടുകൾക്കൊന്നും ശ്രമിക്കാതെയാണ് സഞ്ജു ഇന്നിംഗ്സിലുനീളം കളിച്ചത്.
അഞ്ചാം ഓവറിൽ രജത് പാട്ടീദാറിനെ ബർഗർ ബൗൾഡാക്കിയതിന് പിന്നാലെ ഫസ്റ്റ് ഡൗണായാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. അനാവശ്യഷോട്ടുകൾ ഒഴിവാക്കി ക്രീസിൽ നിൽക്കാനാണ് സഞ്ജു ശ്രമിച്ചത്. അധികം വൈകാതെ സായ് സുദർശൻ പുറത്തായി. പകരമെത്തിയ രാഹുൽ സഞ്ജുവിന് ആത്മവിശ്വാസം പകർന്നു. സ്ട്രൈക്ക് കൈമാറിക്കളിക്കാനും അപകടരഹിതമായി മാത്രം ഷോട്ടുതിർക്കാനുമാണ് സഞ്ജു ശ്രമിച്ചത്. ഇന്ത്യയെ 100 കടത്തിയശേഷമാണ് രാഹുൽ മടങ്ങിയത്. പിന്നാലെ സഞ്ജു അർദ്ധസെഞ്ച്വറി തികച്ചു.
തുടർന്ന് തിലകിനൊപ്പംചേർന്ന് മികച്ചൊരു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനൊപ്പം ഇന്ത്യയുടെ സ്കോർ ബോർഡും ഉയർന്നുകൊണ്ടിരുന്നു. സഞ്ജു 96 റൺസിലെത്തിയപ്പോഴാണ് തിലക് മടങ്ങിയത്. തുടർന്നെത്തിയ റിങ്കുവിനെ കൂട്ടുനിറുത്തിയാണ് ആദ്യ ശതകത്തിലെത്തിയത്. 44-ാം ഓവറിൽ നേരിട്ട 110-ാമത്തെ പന്തിൽ കേശവ് മഹാരാജിനെതിരെ സിംഗിൾ നേടിയാണ് സെഞ്ച്വറിയിലെത്തിയത്. തുടർന്ന് സിക്സടിച്ചെങ്കിലും അധികം മുന്നോട്ടുപോകാനായില്ല.46-ാം ഓവറിൽ വില്യംസിനെ ഉയർത്തിയടിച്ച് റീസയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ,റിങ്കു എന്നിവരുടെ വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.
അടിപതറിയ ആഫ്രിക്ക
മറുപടിക്കിറങ്ങിയ ആതിഥേയർക്ക് റീസ ഹെൻറിക്സും (19) ടോണി ഡി സോർസിയും (81) മികച്ച തുടക്കം നൽകി. എന്നാൽ ഒൻപതാം ഓവറിൽ ടീം സ്കോർ 59ൽവച്ച് അർഷ്ദീപ് സിംഗ് റീസയെ കീപ്പർ രാഹുലിന്റെ കയ്യിലെത്തിച്ച് ആദ്യ പ്രഹരം നൽകി. തുടർന്ന് സോർസി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും റാസീ വാൻഡർ ഡസൻ(2) 15-ാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ ബൗൾഡായി. നായകൻ എയ്ഡൻ മാർക്രവും (36) ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. മാർക്രമിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ടീം സ്കോർ 161ൽവച്ച് സോർസിയും പുറത്തായി. 87 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സും പറത്തിയ സോർസിയെ അർഷ്ദീപ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ക്ളാസൻ (21), മില്ലർ(10), മുൾഡർ (1) എന്നിവർകൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക 192/7 എന്ന നിലയിലായി.
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസൺ.എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി തലശേരിക്കാരനായ സി.പി റിസ്വാനാണ്. 2021ൽ യു.എ.ഇയ്ക്ക് വേണ്ടി അയർലാൻഡിനെതിരെയാണ് റിസ്‌വാൻ സെഞ്ച്വറിയടിച്ചത്.
സെഞ്ച്വറിയുമായി ചേട്ടനും അനിയനും
ദക്ഷിണാഫ്രിക്കയിൽ സഞ്ജു സാംസൺ,
തിരുവനന്തപുരത്ത് സലി സാംസൺ
ഇന്നലെ ദക്ഷിണാഫ്രിക്കയിലെ പാളിൽ സഞ്ജു സാംസൺ സെഞ്ച്വറി നേടിയപ്പോൾ ചേട്ടൻ സലി സാംസൺ തിരുവനന്തപുരത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കാരവൻ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള ട്വന്റി-20 ടൂർണമെനറിൽ മുരുഗൻ ക്രിക്കറ്റ് ക്ളബിനെതിരെ റോവേഴ്സ് സി.സിക്ക് വേണ്ടിയാണ് സലി സെഞ്ച്വറി നേടിയത്. 56 പന്തുകളിൽ ഒൻപത് ഫോറുകളും എട്ട് സിക്സുകളുമടക്കം 108 റൺസാണ് സലി നേടിയത്. സഞ്ജുവും സലിയും കോച്ച് ബിജു ജോർജിന് കീഴിൽ ആദ്യ കാലത്ത് പരിശീലനം നടത്തിയിരുന്നത് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ്. സലിയുടെ വിവാഹ വാർഷിക ദിനം കൂടിയായിരുന്നു ഇന്നലെ.
സാംസൺ പവർ ഷോ
ഇന്നലെ സെഞ്ച്വറി തികച്ച ശേഷം ഗാലറിക്ക് നേരേ തന്റെ കൈസിലുകൾ കാട്ടിയാണ് സഞ്ജു സാംസൺ ആഘോഷിച്ചത്. സാംസൺ എന്ന പേരിന്റെ അർത്ഥം ശക്തി എന്നായതിനാൽ തന്റെ ശക്തിപ്രകടനമാണ് സഞ്ജു കാട്ടിയത്. തന്റെ ഫിറ്റ്നസ് ചൂണ്ടിക്കാട്ടാനായി മുമ്പ് രോഹിത് ശർമ്മ ഇത്തരത്തിൽ മസിൽ കാട്ടിയിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹിക്ക് വേണ്ടി ആദ്യ സെഞ്ച്വറി നേടിയപ്പോഴും സഞ്ജു ഇത്തരത്തിലാണ് ആഘോഷിച്ചത്.
2018 ന് ശേഷം ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 2018ലാണ് ഇന്ത്യ ആദ്യമായി ഇവിടെ പരമ്പര നേടുന്നതും.
4
സ്വന്തം മണ്ണിൽ തുടർച്ചായായ നാലാം പരമ്പരത്തോൽവിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്.