
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺ എ.ഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ പരാതിയുമായി ഒരു കൂട്ടം എഴുത്തുകാർ. ആറ്റംബോംബിന്റെ പിതാവെന്നറിയപ്പെടുന്ന വിഖ്യാത അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവചരിത്രമായ ' അമേരിക്കൻ പ്രോമിത്യൂസ്: ദ ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമറു 'ടെ സഹരചയിതാവ് കേയ് ബേഡ് ഉൾപ്പെടെയുള്ള 11 എഴുത്തുകാരാണ് ടെക് ഭീമൻമാർക്കെതിരെ മാൻഹട്ടൻ ഫെഡറൽ കോടതിയെ സമീപിച്ചത്.
എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ എഴുത്തുകാരുടെ സൃഷ്ടികൾ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം. നോൺ ഫിക്ഷൻ പുസ്‌തകങ്ങളുടെ അനധികൃത ഉപയോഗത്തിലൂടെ ഇരു കമ്പനികളും ശതകോടികൾ സമ്പാദിക്കുന്നെന്നും ഈ പുസ്തകങ്ങളുടെ രചയിതാക്കൾ ഇതിന് ന്യായമായ വിശദീകരണവും പ്രതിഫലവും അർഹിക്കുന്നെന്നും എഴുത്തുകാരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം, ഓപ്പൺ എ.ഐയും മൈക്രോസോഫ്റ്റും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.