f

കൊച്ചി : പിണറായി സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ നിയമം കൈയിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

കേരള പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ചും അഥവാ പിണറായി സർക്കാരിനെ പിരിച്ചുവിടേണ്ടി വന്നാൽ അങ്ങനെയും സർവകലാശാലകളിൽ നിയമവാഴ്‌ച ഉറപ്പുവരുത്തും.

കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ ഗുണ്ടകൾ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും ഗവർണർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബി.ജെ.പിയും കേന്ദ്രസ‌ർക്കാരും പൂർണമായും പിന്തുണയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.