
ലണ്ടൻ : ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ പ്രശസ്തമായ ബ്ലാക്ക് ബല്ലരീന - ലെംഗ്ത്ത് വെൽവെറ്റ് ഈവിനിംഗ് ഗൗൺ റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. ഹോളിവുഡിൽ ജൂലിയൻസ് കമ്പനി സംഘടിപ്പിച്ച ലേലത്തിൽ 1,148,080 ഡോളറാണ്( 9,56,54,870 രൂപ ) അതിമനോഹരമായ ഈ ഗൗണിന് ലഭിച്ചത്.
1985ൽ ഫ്ലോറൻസിലും പിന്നീട് 1986ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഡയാന ഈ ഗൗൺ ധരിച്ചിരുന്നു. ഡയാനയുടെ വസ്ത്രങ്ങളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്ത വസ്ത്രമാണിത്.
മൊറോക്കൻ - ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ജാക്വസ് അസഗുരിയാണ് ഗൗൺ ഡിസൈൻ ചെയ്തത്. കറുപ്പിൽ നീല മെറ്റാലിക് എബ്രോയ്ഡേർഡ് നക്ഷത്രങ്ങളോട് കൂടിയ ഗൗണിന്റെ താഴെ നീല ഓർഗൻസ സ്കേർട്ടും വലിയ ബോയുമുണ്ട്. പാഡഡ് ഷോൽഡറാണ് മറ്റൊരു പ്രത്യേകത.
ഫാഷൻ ലോകത്തെ സ്റ്റൈൽ ഐക്കണുകളിൽ ഒരാളായിരുന്നു ഡയാന. ഡയാനയുടെ ആഭരണങ്ങളും ഗൗണുകളുമൊക്കെ റെക്കോഡ് തുകയ്ക്കാണ് ലേലത്തിൽ പോയിട്ടുള്ളത്. ജനുവരിയിൽ ഡയാനയുടെ 25 വർഷം പഴക്കമുള്ള ഡീപ്പ് പർപ്പിൾ സിൽക്ക് വെൽവെറ്റ് ബോൾ ഗൗൺ 4.9 കോടി രൂപയ്ക്ക് സതബീസ് ഫൈൻ ആർട്സ് കമ്പനി ലേലം ചെയ്തിരുന്നു.
1991ൽ രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോയിലും 1997ൽ മരണത്തിന് തൊട്ടുമുമ്പ് വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ധരിച്ചിരുന്ന ഈ ഗൗണാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയ ഡയാനയുടെ വസ്ത്രം.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിക്ടർ എഡെൽസ്റ്റെയ്ൻ ആണ് സ്വീറ്റ് ഹൗർട്ട് നെക്ക്‌ലൈനും ടുലിപ് ആകൃതിയിലെ സ്കേർട്ടുമുള്ള ഈ സ്ട്രാപ്‌ലെസ് ഗൗൺ രൂപകല്പന ചെയ്തത്. ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യ ഭാര്യയായ ഡയാനയെ 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിൽ 36ാം വയസിലാണ് വിടവാങ്ങിയത്.