
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ കടുത്ത ഭാഷയില്‍ നേതാക്കളെ വിമര്‍ശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് രാഹുല്‍ പറഞ്ഞത്.
മുതിര്‍ന്ന നേതാക്കളും രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുമായിരുന്ന അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ക്കും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുമാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സംസ്ഥാനത്തെ ജനവിധി മുന്നില്‍ക്കാണാന്‍ കഴിയാതെ എന്ത് അടിസ്ഥാനത്തിലാണ് വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചുവെന്നാണ് വിവരം.
മദ്ധ്യപ്രദേശില്‍ കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നാണ് കമല്‍നാഥും സംഘവും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം ഗലോട്ടും പ്രകടിപ്പിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ട യാത്ര നടത്തുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു. ഭാരത് ജോഡോ യാത്ര തുടരുന്നതിനോട് നേതാക്കള്‍ക്ക് യോജിപ്പില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തെ ഇത് ബാധിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര സംബന്ധിച്ച തീയതി തീരുമാനിക്കാന്‍ പ്രവര്‍ത്തകസമിതിക്ക് കഴിഞ്ഞതുമില്ല. നേരത്തെ കര്‍ണാടകയില്‍ മിന്നുന്ന ജയത്തോടെ അധികാരം പിടിച്ചെടുത്തത് ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടത്തിലുണ്ടായ ഉണര്‍വ് സഹായിച്ചുവെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു.
അതേസമയം, നിയമസഭാ തോല്‍വികളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മാത്രമല്ലെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നു. ദിഗ് വിജയ് സിംഗ് കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിക്കും കമല്‍നാഥിനുമെതിരെ ഉയര്‍ത്തിയത്. തോല്‍വിയില്‍ എഐസിസിക്കും പങ്കുണ്ടെന്നാണ് മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.