
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി എ.ഐ ഇന്ന് സകല മേഖലകളിലും സജീവ സാന്നിദ്ധ്യമാണ്. . മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആയ ആളുകളുടെ ക്ലോണുകൾ വരെ എഐ സാങ്കേതിക വിദ്യയിൽ ചിത്രങ്ങളായും വീഡിയോ ആയും ലഭിക്കും. കൂടാതെ കഥ, നോവൽ, തിരക്കഥ,, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ എ.ഐ ടൂളുകൾ പുതുതായി രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.
എ.ഐ ഉപയോഗിച്ച് ഒരാളുടെ ആയുസ് വരെ പ്രവചിക്കാൻ കഴിയുമെന്ന അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡെൻമാർക്കിലെ ശാസ്ത്രജ്ഞർ. ഡെൻമാർക്ക് ടെക്നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ എ.ഐ മോഡലിന് പിന്നിൽ. ചാറ്റ് ജിപിടിയുടെ മാതൃകയിൽ വികസിപ്പിച്ച ലൈഫ്2വെക് (LIFE2VEC) ആണ് ഈ എ.ഐ മോഡൽ. രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ലൈഫ്2വെക്കിന്റെ പ്രവചനം. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ എ.ഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകർ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തെക്കാളും കൂടുതൽ കൃത്യമായി ആളുകളുടെ മരണസമയം പ്രവചിക്കാൻ ഈ മോഡലിന് കഴിയുമെന്നും ശാസ്ത്രജ്‍ഞർ വ്യക്തമാക്കി.
മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകൾ വർഷങ്ങളായി ആലോചിക്കുന്ന കാര്യമാണ്. അതിനെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായ സുനെ ലേമാൻ പറഞ്ഞു.