tiger

തൃശൂര്‍: വയനാട്ടില്‍ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കൊന്നുതിന്ന നരഭോജി കടുവയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയക്ക് ശേഷം കടുവയുടെ മുഖത്തുണ്ടായിരുന്ന വലിയ മുറിവ് തുന്നിക്കെട്ടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് അറിയിച്ചു.

കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനമെന്നും പാര്‍ക്ക് ഡയറക്ടര്‍ വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിനാണ് ക്ഷീര കര്‍ഷകനായ പ്രജീഷിനെ കാപ്പിത്തോട്ടത്തിന് സമീപമുള്ള വയലില്‍ വച്ച് നരഭോജി കടുവ ആക്രമിച്ചത്.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 18ന് പ്രജീഷിനെ ആക്രമിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇതിനെ തൃശ്ശൂര്‍ പുത്തൂരിലേക്ക് മാറ്റുകയായിരുന്നു. മനുഷ്യനം ആക്രമിച്ച കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് പ്രജീഷിന്റെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

വാകേരി മൂടക്കൊല്ലിയിലെ കാപ്പിത്തോട്ടത്തിനടുത്തുള്ള റോഡില്‍ തന്റെ ജീപ്പ് നിര്‍ത്തിയിട്ടാണ് പ്രജീഷ് സമീപമുള്ള വയലില്‍ പുല്ലരിയാന്‍ പോയത്. നേരം വൈകിയിട്ടും മകന്‍ മടങ്ങിയെത്തിയില്ലെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അമ്മ പറഞ്ഞതറിഞ്ഞ് അന്വേഷിച്ച് പോയ നാട്ടുകാരന്‍ ആന്റണിയാണ് പ്രജീഷിനെ കടുവ ഭക്ഷിക്കുന്നത് നേരില്‍ക്കണ്ടത്.