
തിരുവനന്തപുരം: തലസ്ഥാനത്ത് വിതുര - പേപ്പാറയില്‍ കരടിയുടെ ആക്രമണം. പേപ്പാറ - പൊടിയക്കാല സ്വദേശി രാജേന്ദ്രന്‍ കാണിയെയാണ് കരടി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രന്‍ കാണിയുടെ ഇരു കൈകള്‍ക്കും പരിക്കേറ്റു.
ഏതാനം മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വീട്ടിലെ കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചത്തുപോയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. വിതുരയില്‍ മുമ്പും കരടിയുടെ ആക്രമണമുണ്ടായിരുന്നു.
അതേസമയം, വയനാട്ടില്‍ നരഭോജി കടുവയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയക്ക് ശേഷം കടുവയുടെ മുഖത്തുണ്ടായിരുന്ന വലിയ മുറിവ് തുന്നിക്കെട്ടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് അറിയിച്ചു.
കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനമെന്നും പാര്‍ക്ക് ഡയറക്ടര്‍ വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിനാണ് ക്ഷീര കര്‍ഷകനായ പ്രജീഷിനെ കാപ്പിത്തോട്ടത്തിന് സമീപമുള്ള വയലില്‍ വച്ച് നരഭോജി കടുവ ആക്രമിച്ചത്.